അവധിയ്‌ക്കെത്തി തിരിച്ചു പോകാനാവാതെ പ്രയാസത്തിൽ അലയുകയാണ് ഒരു കൂട്ടം പ്രവാസികൾ. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് അത്യാവശ്യത്തിന് നാട്ടിലെത്തി ജോലി സ്ഥലത്ത് തിരിച്ചെത്താന്‍ വ്യഗ്രതപ്പെടുന്ന പ്രവാസികളുടെ മനസ് നിറയെ ആശങ്കകളാണ്. അനിശ്ചിതത്വത്തിന്റെ നാളുകളില്‍ ആദ്യം എല്ലാവരും തെരഞ്ഞെടുത്തത് മാലി ദ്വീപ് വഴിയുള്ള യാത്രയായിരുന്നു. അതു കഴിഞ്ഞ് നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്ിലൂടെ. അതിന് ശേഷമാണ് പഴയ സോവിയറ്റ് യൂനിയനില്‍ നിന്ന് ചിതറിതെറിച്ച കൊച്ചു രാജ്യങ്ങളിലൂടെയും എത്യോപ്യയിലൂടെയും യാത്ര ചെയ്യാമെന്ന് പ്രവാസികള്‍ തീരുമാനിച്ചത്. ഇതിനൊക്കെ ചെലവേറെയാണ്. രണ്ട് ലക്ഷം രൂപ വരെ അധികം ചെലവ് ചെയ്താണ് തീര്‍ത്തും അപരിചിതമായ രാജ്യങ്ങളിലൂടെയുള്ള യാത്ര. അതത് രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങളും കോവിഡ് വ്യാപനവുമുണ്ടായപ്പോള്‍ എല്ലാ വഴികളും അടഞ്ഞു. അങ്ങിനെയാണ് താഷ്‌കന്റ് അന്താരാഷ്ട വിമാന താവളം വഴിയുള്ള യാത്ര മലയാളികള്‍ തെരഞ്ഞെടുത്തത്. വീട് പണയം വെച്ചിട്ടായാലും ജോലി സ്ഥലത്ത് തിരിച്ചെത്തിയാല്‍ കുടുംബം പട്ടിണിയാവില്ലല്ലോ എന്ന് കരുതി യാത്ര പുറപ്പെട്ട മലയാളികളാണ് ഉസ്ബക്കിസ്ഥാനിലും ഖസാക്കിസ്ഥാനിലുമൊക്കെയുള്ളത്. സൗദി, യു.എ.ഇ പ്രവാസികള്‍ ഡസന്‍ കണക്കിനാണ് ഉസ്ബക്കിലുള്ളത്. മൂന്നാം രാജ്യത്തെ ക്വാറന്റൈന്‍ കഴിയാനുള്ള കാത്തിരിപ്പിലാണ് അവര്‍. എങ്കിലേ സൗദിയിലേക്ക് തുടര്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. അതിനിടയ്ക്കാണ് തലസ്ഥാന നഗരിയായ താഷ്‌കന്റില്‍ കോവിഡ് വ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനം കൂടുതലാണ് ഇപ്പോഴത്തെ കോവിഡ് കേസുകളുടെ എണ്ണം. അത്യാവശ്യത്തിനല്ലാതെ കാറിലും ബസിലും ആളുകള്‍ യാത്ര ചെയ്യുന്നത് ഭരണകൂടം വിലക്കി. മസ്ജിദുകള്‍ തുറക്കാനും അനുവാദമില്ല. ശനിയാഴ്ച 526 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചെറിയ രാജ്യമാണെങ്കിലും കോവിഡ് ബാധിച്ച് 936 പേര്‍ മരിച്ചതിനാല്‍ ഭരണാധഇകാരികള്‍ പ്രശ്‌നത്തെ ഗൗരവമായെടുത്തിട്ടുണ്ട്. ഏത് നിമിഷവും അന്താരാഷ്ട്ര വിമാന യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. ക്വാറന്റൈന്‍ കാലാവധി അവസാനിക്കാന്‍ കാതതിരിക്കുന്ന സൗദി, യു.എ.ഇ പ്രവാസികള്‍ തീ തിന്ന് കഴിയുകയാണ്.