ലണ്ടനിലെ ഒരു ഷോപ്പില്‍ നിന്നും പഴം വാങ്ങിയ സ്ത്രീക്ക് നല്കിയ ബില്ല് 1,600 പൗണ്ട്. അതായത് 1.6 ലക്ഷം രൂപ. ലണ്ടന്‍ സ്വദേശിനിയായ സിംബ്ര ബാര്‍ണെസ് എന്ന സ്ത്രീക്കാണ് മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ റീറ്റെയില്‍ ഷോപ്പില്‍ നിന്ന് ഇത്രയും വിലയുടെ ബില്ല് ലഭിച്ചത്.
പഴത്തിന് സ്റ്റോറിലെ വിലയില്‍ കാണിച്ചിരുന്നത് വെറും ഒരു പൗണ്ട് മാത്രമായിരുന്നു.ബില്ലടയ്ക്കാന്‍ വേണ്ടി ആപ്പിള്‍ പേയില്‍ കോണ്ടാക്ട്ലെസ് സെല്‍ഫ് ചെക്കൗട്ട് രീതിയിലാണ് ഇവര്‍ പണമടച്ചത്. എന്നാല്‍ പഴത്തിന്റെ വില നോട്ടിഫിക്കേഷനായി വന്നപ്പോഴാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. പണമടയ്ക്കുന്നത് ക്യാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും ബില്ല് പ്രിന്റായി കഴിഞ്ഞിരുന്നു.
നോട്ടിഫിക്കേഷന്‍ വന്ന ഉടനെ സ്റ്റോര്‍ സ്റ്റാഫിനെ വിവരമറിയിച്ചെങ്കിലും മറ്റൊരു ഷോറൂമില്‍ പോയാലേ റീഫണ്ട് ലഭിക്കുകയുള്ളൂ എന്നായിരുന്നു അവരുടെ മറുപടി. പണം തിരികെ ലഭിക്കാന്‍ മറ്റൊരു എം ആന്‍ഡ് എസ് ഷോറൂമിലേക്ക് 45 മിനിറ്റ് ദൂരം ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വന്നെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നീട് ഷോറൂം ഉടമകൾ തങ്ങൾക്ക് പറ്റിയ തെറ്റിൽ അവരോട് ഖേദം പ്രകടിപ്പിച്ചു രംഗത്ത് വന്നു.