കാഞ്ഞങ്ങാട്: നഗരസഭയിലെ 1078 ഗുണഭോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ വീട് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നഗരസഭയുടെ പദ്ധതി.പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍പ്പെടുത്തിയാണ് വീട് നിര്‍മാണത്തിന് ധനസഹായം നല്‍കുക. ഇതിനകം 870 വീടുകള്‍ നഗരസഭ നിര്‍മിച്ചുനല്‍കിയിരുന്നു. അതില്‍ 800 വീടുകള്‍ മുഴുവനും പൂര്‍ത്തീകരിച്ചു. 70 വീടുകളുടെ നിര്‍മാണം നടന്നുവരികയാണ്.ഗുണഭോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്‌കരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്താണ് ഗുണഭോക്താക്കള്‍ക്ക് നഗരസഭ വിഹിതമായ രണ്ടു ലക്ഷം രൂപ നല്‍കുക. ഇതിന്റെ ഭാഗമായി കെട്ടിട നിര്‍മാണ അപേക്ഷ സ്വീകരിച്ച് വീട് നിര്‍മിക്കാനുള്ള അനുമതി നല്‍കും.
ജനുവരി 12 ന് ആരംഭിച്ച കെട്ടിട നിര്‍മാണ അനുമതി അപേക്ഷ സ്വീകരിക്കല്‍ ഇപ്പോഴും തുടരുകയാണ്. ഓരോ ദിവസവും 120 ഓളം ഗുണഭോക്താക്കളുടെ അപേക്ഷകളിലാണ് തീര്‍പ്പുകല്‍പ്പിക്കുന്നത്. അപേക്ഷകള്‍ സ്വീകരിച്ച് അന്നു തന്നെ അനുമതി കൊടുക്കുകയും പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ വീട് നിര്‍മാണത്തിനുള്ള ഒന്നാം ഗഡു അനുവദിക്കുകയും ചെയ്യും.ഒരു ദിവസം തന്നെ 120 പേര്‍ക്ക് വീട് നിര്‍മാണ അനുമതി നല്‍കുന്നത് അഭിമാനകരമായ നേട്ടമാണെന്നും നടപടിക്രമങ്ങള്‍ സുതാര്യമാക്കി അന്നു തന്നെ അനുമതി കൊടുക്കാനുള്ള നടപടിയാണ് നഗരസഭ സ്വീകരിക്കുന്നതെന്നും നഗരസഭാധ്യക്ഷ കെ.വി. സുജാത പറഞ്ഞു.