സൂറത്ത് : സിമി ബന്ധമാരോപിച്ച് 2001ല്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 122 പേരെ കോടതി കുറ്റവിമുക്തരാക്കി. യു എ പി എ യിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തവര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എന്‍ ദാവേ വ്യക്തമാക്കി. മൊത്തം 127 പേരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അഞ്ച് പേര്‍ വിചാരണാ കാലയളവില്‍ മരിച്ചിരുന്നു.
അക്കി ദേശായി, ജാഗ്രൂപ് സിംഗ് രജ്പുത്, നയന്‍ സുഖദ്വാല എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മുഖ്താര്‍ ശൈഖ്, അബ്ദുല്‍ വഹാബ് ശൈഖ് എന്നിവര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി. കേസ് ആദ്യം പരിഗണിച്ച സി ജെ എം കോടതി നേരത്തേ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കാന്‍ ഉത്തരവിട്ടിരുന്നു.
സിമി പ്രവര്‍ത്തകരാണ് കുറ്റാരോപിതരെന്ന് തെളിയിക്കാനുള്ള വിശ്വാസ്യയോഗ്യവും തൃപ്തികരവുമായ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇവര്‍ നിയമവിരുദ്ധ പ്രവൃത്തി നടത്താനാണ് സമ്മേളിച്ചതെന്ന് തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ യു എ പി എ നിലനില്‍ക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 2001 ഡിസംബര്‍ 28നാണ് സൂറത്ത് പോലീസ് 127 പേരെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ സഗ്രാംപുരയിലെ ഹാളില്‍ ഇവര്‍ സമ്മേളിച്ചുവെന്നും സിമി പ്രവര്‍ത്തകരാണ് ഇവരെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്നും പോലീസ് ആരോപിച്ചിരുന്നു. 2001 സെപ്തംബര്‍ 27നാണ് കേന്ദ്ര സര്‍ക്കാര്‍ സിമി നിരോധിച്ചത്.
ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു കുറ്റാരോപിതര്‍. തങ്ങള്‍ക്ക് സിമിയുമായി ഒരു ബന്ധവുമില്ലെന്നും ആള്‍ ഇന്ത്യാ മൈനോറിറ്റി എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് അവിടെ ഒത്തു ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.