നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം “നാട്ടുത്സവത്തിൽ” പങ്കെടുത്ത് നഞ്ചിയമ്മയും സുരഭി ലക്ഷ്മിയും വിനോദ് കോവൂരും പ്രസീത ചാലക്കുടിയും

റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം “നാട്ടുത്സവം” എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി സൗദിയിലെത്തിയ ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മയെ മൂവായിരത്തിലധികം വരുന്ന ജനക്കൂട്ടം എഴുന്നേറ്റുനിന്നു ആദരവ് അർപ്പിച്ചാണ് വേദിയിലേക്ക് സ്വീകരിച്ചത്. അയ്യപ്പനും കോശിയും സിനിമയിലെ പ്രസിദ്ധമായ “കളക്കാത്ത സന്ദനം” ഗാനം നഞ്ചിയമ്മ പാടിയതോടെ ജനം ആവേശ തിമിർപ്പിലായി. തുടർന്ന് M80 മൂസ താരങ്ങളായ സുരഭി ലക്ഷ്മിയും വിനോദ് കോവൂരും കബീറും ഹാസ്യവിരുന്നുമായി വേദിയിലെത്തി. നാടൻപാട്ടുകളുമായി എത്തിയ പ്രസീത ചാലക്കുടി അക്ഷരാർത്ഥത്തിൽ ജനത്തെ ആഘോഷതിമിർപ്പിലാക്കി.

ദമ്മാമിൽ നിന്നെത്തിയ സൗദി പാട്ടുകൂട്ടം നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച നാടൻ പാട്ടുകളുമായാണ്…പരിപാടി ആരംഭിച്ചത്. തുടർന്ന് സാംസ്‌കാരിക സമ്മേളനം അരങ്ങേറി. സമ്മേളനം നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്‌ഘാടനം ചെയ്തു. പൂക്കോയ തങ്ങൾ അധ്യക്ഷനായിരുന്നു. ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കൽ, ജലീൽ (കെ എം സി സി), ഷാജു വാളപ്പൻ (വേലപ്പൻ എക്സിം ലിമിറ്റഡ്) അബ്ദുൽ സലാം (ജബൽ ഗ്രീൻ പാർക്ക്), മുഹമ്മദ് അമീൻ (ഏഷ്യൻ റെസ്റ്റോറന്റ്), സാബിത്ത് (ഫ്ലൈ ഇൻഡ് കോ), ഹനീഫ (ഗ്ലോബൽ ട്രാവെൽസ്), സാറ എന്നിവർ സംസാരിച്ചു. കുമ്മിൾ സുധീർ സ്വാഗതവും വിക്രമലാൽ നന്ദിയും പറഞ്ഞു. ഏകദേശം രണ്ടര മണിക്കൂർ പ്രോഗ്രാമിനുശേഷം റിയാദ് എന്റർടൈൻമെന്റ് അതോറിറ്റി ആവശ്യപ്പെട്ടതിനെ തുടർന്ന് പരിപാടി പൂർത്തീകരിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. പരിപാടി പൂർത്തീകരിക്കാൻ കഴിയാത്തതുമൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ നവോദയ കേന്ദ്രകമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.

spot_img

Related Articles

Latest news