ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബി.എസ്.ബി.ഡി.) അക്കൗണ്ട് ഹോള്‍ഡേഴ്‌സിനുള്ള സേവനനിരക്കുകള്‍ വര്‍ധനവോടെ പുതുക്കി പ്രഖ്യാപിച്ചു. പുതിയ സേവനനിരക്കുകള്‍ ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും ഈ പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്.ബി.ഐ. അറിയിച്ചു.
എസ്.ബി.ഐ ശാഖകളിലൂടെയോ എ.ടി.എമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവനനിരക്ക് ഈടാക്കും. എല്ലാ എ.ടി.എമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വലിക്കലിനും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നല്‍കണം.
പുതുക്കിയ നിരക്കുകള്‍
എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും ഇരുപത്തഞ്ച് ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജി.എസ്.ടിയും ഈടാക്കും. മുതിര്‍ന്ന പൗരരെ സേവനനിരക്കുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എസ്.ബി.ഐ. ശാഖ/ എ.ടി.എം./സി.ഡി.എം. എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകള്‍ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് എസ്.ബി.ഐയിലും ഇതരബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാര്‍ഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാന്‍സ്ഫര്‍ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായിരിക്കുമെന്നും എസ്.ബി.ഐ. അറിയിച്ചു.