18 കോടിയുടെ മരുന്നും കാത്ത് കണ്ണൂരില്‍ ഒരു പ്രവാസിയുടെ വീട്

കണ്ണൂർ – ജില്ലയിലെ കടലോര ഗ്രാമമായ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദ് സുമനസുകളോട് അഭ്യർഥിക്കുന്നത് തന്നെ ബാധിച്ച അപൂർവ്വ രോഗത്തോട് പൊരുതാൻ ഒരു കൈത്താങ്ങാണ്.

സ്പെനൽ മസ്ക്യുലർ അട്രോഫി എന്ന അത്യപൂർവ്വമായ ജനിതകരോഗം ബാധിച്ച ഈ പിഞ്ചു ബാലന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ളതാണീ കൈത്താങ്ങ്. ഇതിനാവശ്യമായ മരുന്നിന്‍റെ വില ഏകദേശം 18 കോടി രൂപയാണ്. ഈ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുക.

മാട്ടൂൽ കപ്പാലത്തെ മുഹമ്മദിനെ ബാധിച്ചിരിക്കുന്നത് എസ്.എം.എ ടൈപ് 3 വിഭാഗത്തിൽ പെട്ട രോഗമാണെന്നാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ട് വയസ്സിനകം ആദ്യ ഡോസ് ഇഞ്ചക്ഷൻ നൽകണം.

മുഹമ്മദിന്‍റെ മൂത്ത സഹോദരി പതിനഞ്ചുകാരിയായ അഫ്ര ഇതേ രോഗം ബാധിച്ച് വീൽ ചെയറിലാണ്. അഫ്റയുടെ രോഗം തിരിച്ചറിയാതെ പോയതാണീ കുട്ടിയെ ജീവിതകാലം മുഴുവൻ വീൽചെയറിൽ തന്നെ കഴിയാനിടയാക്കിയത്. ഈ അവസ്ഥ മുഹമ്മദിന് ഉണ്ടാകാതിരിക്കാനുള്ള പ്രാർഥനയിലാണീ കുടുംബം. ഗൾഫിൽ എ.സി.ടെക്നീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദിന്‍റെ പിതാവിന്‍റെ ശമ്പളം കുടുംബത്തിൻ്റെ ചെലവിനും കുട്ടികളുടെ ചികിത്സക്കും പോലും തികയാത്ത അവസ്ഥയാണ്.

ലോകം കെട്ട കാലത്തിലൂടെ കടന്നു പോകുമ്പോഴും കാരുണ്യത്തിന്‍റെ നീരുറവ വറ്റാത്ത സുമനസുകൾ കുഞ്ഞിന്‍റെ ജീവിതത്തിന് താങ്ങാവുമെന്നും, ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നുകളിൽ ഒന്നായ “സോൾജൻസ്മ’യുടെ ആദ്യ ഡോസ് ഈ വീട്ടിൽ എത്തുമെന്നും ഈ കുടുംബം പ്രാർഥനയോടെ പ്രതീക്ഷിക്കുന്നു.

നാല് മാസം കഴിഞ്ഞാൽ ഈ കുരുന്നിന് രണ്ട് വയസ്സു പൂർത്തിയാവും. ഇതിന് മുമ്പായി മരുന്നിന്‍റെ ആദ്യ ഡോസ് നൽകിയാൽ മുഹമ്മദിനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

മുഹമ്മദിൻ്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനായി കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ, മാട്ടൂൽ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.മുഹമ്മദലി എന്നിവർ രക്ഷാധികാരികളും, മാട്ടൂൽപഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ്, ടി.പി.അബ്ബാസ് എന്നിവർ കൺവീനർമാരുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സുമനസുകളുടെ സഹായഹസ്തത്തിനായി കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിലും ഫെഡറല്‍ ബാങ്കിലും മുഹമ്മദിന്‍റെ മാതാവ് പി.സി. മറിയുമ്മയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 40421100007872 ആണ് അക്കൗണ്ട് നമ്പർ. കെ.എൽ.ജി.ബി 00040421 ആണ് ഐ.എഫ്.എസ്.സി. കോഡ്.

ഫെഡറല്‍ ബാങ്ക്- 14610100135466. സൗത്ത് ബസാർ ബ്രഞ്ച്, ഐഎഫ്എസ് സി- FDRL0001461ഗൂഗിൾ പേ ക്കായി 892122 3 421 എന്ന നമ്പറുമുണ്ട്. പ്രാർഥനയിൽ ഓർക്കുന്നതിനൊപ്പം സഹായവും ഉണ്ടാകുമെന്നാണീ കുടുംബത്തിന്‍റെ അഭ്യർഥന.

spot_img

Related Articles

Latest news