ഷാർജ: മലയാളി യുവതിയെ ഷാർജയില്‍ കാണാതായി. ഷാർജ അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകള്‍ റിതികയെ (പൊന്നു -22) ആണ് കാണാതായത്.ഇന്ന് രാവിലെ എട്ട് മണി മുതലാണ് യുവതിയെ കാണാതായത്. സംഭവത്തില്‍ കുടുംബം അല്‍ഗർബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറിലെ സബ അല്‍ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കില്‍ ഇരിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനകം സഹോദരൻ ലാബില്‍ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലെന്ന് മനസിലായത്. യുവതി ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പരിസരപ്രദേശങ്ങളില്‍ ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വെളുപ്പില്‍ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോള്‍ റിതിക ധരിച്ചിരുന്നത്. കഴിഞ്ഞ 27 വർഷമായി തിരുവനന്തപുരം സ്വദേശികള്‍ യുഎഇയില്‍ താമസിക്കുന്നു. റിതിക ഷാർജയിലാണ് ജനിച്ചുവളർന്നത്.