കുവൈത്ത് സിറ്റി: രണ്ടാം അറബ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റ് ഈ മാസം 20ന് ആരംഭിക്കും. 27 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ നറുക്കെടുപ്പ് ഡിസംബര്‍ 19ന് നടക്കും.
24 കളിക്കാരെ നാല് ഗ്രൂപ്പുകളായി കൈമാറിയാണ് മത്സരം നടക്കുക. ഇത്തവണ മത്സരം വ്യത്യസ്തമായിരിക്കുമെന്നും മികച്ച റാങ്കിലുള്ള അറബ് കളിക്കാര്‍ പങ്കെടുക്കുന്നതിനാല്‍ ഉയര്‍ന്ന നിലവാരത്തിലായിരിക്കുമെന്നും അറബ്, കുവൈത്ത് ടെന്നിസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഫാലെഹ് അല്‍ ഒതൈബി പറഞ്ഞു.
അറബ് ടെന്നിസിനുള്ള നിരന്തര പിന്തുണക്കും പ്രോത്സാഹനത്തിനും കെ.ടി.എഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദല്ല അസ്സബാഹിന് ഒതൈബി നന്ദി പറഞ്ഞു. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തുന്നതും കളിക്കാരുടെ മികവ് വര്‍ധിപ്പിക്കുന്നതുമായ അസോസിയേഷന്‍ ഓഫ് ടെന്നിസ് (എ.ടി.പി) ടൂര്‍ണമെന്റിന് നിരവധി അഭ്യര്‍ഥനകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യ ടൂര്‍ണമെന്റ് വലിയ വിജയകരമായിരുന്നു. രണ്ടാമത്തേത് വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒതൈബി പ്രത്യാശ പ്രകടിപ്പിച്ചു.