കനത്ത മഴയും ഇടിമിന്നലും: സംസ്ഥാനത്ത് 4 മരണം

കനത്തമഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം സംഭവിച്ചു. മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി ഓരോരുത്തരുമാണ് മരിച്ചത്.

കാസര്‍കോട് നെല്ലിക്കുന്ന് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെയുണ്ടായ മിന്നലില്‍ ബാബുരാജ് (42) ആണ് മരിച്ചത്.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് മുന്‍ പഞ്ചായത്തംഗം മിന്നലേറ്റ് മരിച്ചത്. തച്ചമ്പാറ മുന്‍ പഞ്ചായത്ത് മെമ്പര്‍ ഗണേഷ് കുമാര്‍ എന്ന ബേബിയാണ് (46) മരിച്ചത്. കാഞ്ഞിരപ്പുഴ ഡാം മത്സ്യ സൊസൈറ്റി അംഗമായ ഗണേഷ് കുമാറും സുഹൃത്തുക്കളും ഡാമില്‍ വല ഇടുന്നതിനിടയാണ് മിന്നലേറ്റത്.

പുഴയില്‍ വീണ ഗണേഷിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുനില, മക്കള്‍: കണ്ണന്‍, കുഞ്ഞുമണി.

മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍(47), രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ശമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. വീട്ടില്‍വച്ചാണ് ശമീമിന് മിന്നലേറ്റത്.

തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ എടവണ്ണയില്‍ വച്ചാണ് ദിവാകരന് മിന്നലേറ്റത്. ഭാര്യയടക്കം നിരവധി പേര്‍ ഒപ്പമുള്ളപ്പോഴാണ് മിന്നലേറ്റത്. ദിവാകരന്‍റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സീതയാണ് ഭാര്യ. മക്കള്‍: മുത്തു, നന്ദു. മരുമകള്‍: വിചിത്ര.

സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നുണ്ട്. ഏപ്രില്‍ 14 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനെതിരെ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ 

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് ഒരിക്കലും പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
  • ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കണം.
  • കഴിയുന്നത്ര വീടിനകത്ത് മധ്യത്തായി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടം ക്ഷണിച്ചു വരുത്തും..
  • വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌.
  • വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസ്സായ സ്ഥലത്ത്‌ നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
  • പട്ടം പറത്തുവാന്‍ പാടില്ല.
  • തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്‌ പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്‌. മിന്നല്‍
    ഏറ്റാല്‍ ആദ്യ മുപ്പത്‌ സെകന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്‌
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടണം മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
  • കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
spot_img

Related Articles

Latest news