കോഴിക്കോട്: കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും അതിതീവ്രമാകുന്ന സാഹചര്യത്തില്‍ പരമാവധി രോഗബാധിതരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനത്തെ വരുത്തിയിലാക്കാനാണ് പരിശ്രമം. ഇതിന്റെ ഭാഗമായി ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ 40000 പേരെ ടെസ്റ്റിംഗിന് വിധേയരാക്കും.
രണ്ട് ദിവസവും 20000 വീതം പരിശോധനകള്‍ നടത്താനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും വേണ്ട നിര്‍ദേശങ്ങള്‍ നല്കി കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റിംഗ് കിറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആശുപത്രികള്‍, മാളുകള്‍, തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇതിനായുളള ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കും.
തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങള്‍ സജ്ജീകരിക്കുക.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്തവര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, വയോജനങ്ങള്‍ കോവിഡ് രോഗികളുടെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവര്‍, ധാരാളം ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്ക് ആളുകള്‍ ടെസ്റ്റിംഗിന് വിധേയരാകാന്‍ സ്വമേധയാ മുന്നോട്ടുവരണം.