മുംബൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും

മൂന്നു കോവിഡ് ആശുപത്രികള്‍ കൂടി തുറക്കാന്‍ തീരുമാനം; സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷനലുകള്‍ മേല്‍നോട്ടം വഹിക്കും

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മുംബൈയില്‍ മൂന്നു വമ്ബന്‍ ആശുപത്രികള്‍ തുറക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

കോവിഡ് സെന്ററുകളാക്കി മാറ്റുന്നതിന് വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് ഏതാനും പഞ്ചനക്ഷത്ര, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു കത്തു നല്‍കിയതായി മുനിസിപ്പല്‍ കമ്മിഷണര്‍ ഐഎസ് ചാഹല്‍ പറഞ്ഞു. പ്രമുഖ സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള മെഡിക്കല്‍ പ്രൊഫഷനലുകളാവും ഈ കേന്ദ്രങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുക. കോവിഡ് ചികിത്സയ്ക്ക് വന്‍തോതില്‍ കിടക്കകള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ചാഹല്‍ പറഞ്ഞു.

മുംബൈയിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായി മൂന്നു വന്‍കിട ആശുപത്രികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും രണ്ടായിരം കിടക്കകള്‍ വീതമുണ്ടാവും. 200 ഐസിയുകളും 70 ശതമാനം ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളും ഈ ആശുപത്രികളില്‍ ഒരുക്കും. നിലവില്‍ ഇത്തരത്തില്‍ ഏഴ് വന്‍കിട ആശുപത്രികളില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫീല്‍ഡ് ആശുപത്രികള്‍ എന്നി നിലയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. ഇന്നലെ 63,294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 34,07,245 ആയി. ഇന്ന് 349 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

spot_img

Related Articles

Latest news