അവധിക്കാലം തുടങ്ങിയ ശേഷം കോഴിക്കോട് മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ; മറവിയിൽ മുങ്ങരുത്

കോഴിക്കോട്: അവധിക്കാലം തുടങ്ങിയ ശേഷം മാത്രം ജില്ലയിൽ മുങ്ങി മരിച്ചത് 5 വിദ്യാർഥികൾ. വിനോദയാത്ര പോയ സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികളാണ് വെള്ളച്ചാട്ടങ്ങളിലും പുഴകളിലും റിസോർട്ട് പൂളിലുമായി മരിച്ചത്. അവധിക്കാലത്തു കൂടുതൽ പേർ യാത്ര പോകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാസേനയും ടൂറിസം വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ എൻഐടി ക്യാംപസിലെ വിദ്യാർഥികളായ ആറംഗ സംഘം കുളിക്കുന്നതിനിടെയാണ് ആന്ധ്ര സ്വദേശി ദേവന്ദ്(22) മുങ്ങി മരിച്ചത്. ഇവിടെ കഴിഞ്ഞ വർഷവും വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ഏപ്രിൽ നാലിനു കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ ദേവഗിരി കോളജ് രണ്ടാം വർഷ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു.ജില്ലയിലെ വിവിധ പുഴകൾ, വെള്ളച്ചാട്ടങ്ങൾ, കടലോര കേന്ദ്രങ്ങൾ, കനാലുകൾ, കുളങ്ങൾ എന്നിവ സ്ഥിരം അപകട മേഖലകളുടെ പട്ടികയിലുണ്ട്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നവർ ഇതു ശ്രദ്ധിക്കാത്തത് അപകടങ്ങളുടെ എണ്ണം കൂട്ടുന്നു. വിനോദയാത്രാസംഘത്തിൽ ഉൾപ്പെട്ടവർ നാട്ടുകാർ നൽകുന്ന മുന്നറിയിപ്പുകളും ഗൗരവത്തിലെടുക്കാത്തതും അപകടം വർധിപ്പിക്കുന്നു.സ്ഥിരം ടൂറിസം കേന്ദ്രങ്ങൾ അല്ലാതെ ഗ്രാമീണ മേഖലയിലെയും ഉൾപ്രദേശങ്ങളിലെയും പുഴകളും വെള്ളച്ചാട്ടങ്ങളും തേടി വിനോദസഞ്ചാരികൾ എത്തുന്നതും അപകടമുണ്ടാക്കുന്നുണ്ട്. ഇവിടെ ആളൊഴിഞ്ഞ പ്രദേശമായതും സുരക്ഷാ ജീവനക്കാർ ഇല്ലാത്തതുമാണ് പ്രശ്നം.അപകടത്തിൽ പെട്ടാലും ഇത്തരം സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം വൈകുകയും ചെയ്യുന്നു..

അപകടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

ഓരോ ജലാശയവും വ്യത്യസ്തമാണ്. ഒഴുക്ക്, സ്വഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യാസമായിരിക്കും. ഇതു നീന്തൽ അറിയുന്ന ആളെയും രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരെയും ചിലപ്പോൾ അപകടത്തിൽ പെടുത്തും.

∙നീന്തൽ അറിയാമെങ്കിൽ പോലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്.

∙ലഹരി ഉപയോഗിച്ചശേഷം ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.

∙ സുരക്ഷിതമല്ലാത്ത സാഹചര്യമാണെങ്കിൽ ജലാശയത്തിൽ ഇറങ്ങരുത്

∙ മുന്നറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുക.

∙ ജലാശയങ്ങളുടെ അരികിൽ താമസിക്കുന്നവർ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക.

spot_img

Related Articles

Latest news