500 കിലോ പഴകിയ ഇറച്ചി കൊച്ചിയില്‍ പിടികൂടി

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്.കൊച്ചിയിലെ വിവിധ ഹോട്ടലുകളില്‍ ഷവര്‍മ അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്യത്തിലായിരുന്നു പരിശോധന.

തമിഴ്നാട്ടില്‍ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധനയില്‍ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.പാലക്കാട് സ്വദേശി ജുനൈസിന്‍റേതാണ് സ്ഥാപനം. സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിന്‍റെ നടത്തിപ്പുകാര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറ് മാസമായി ഈ സ്ഥാപനത്തില്‍ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടുപോയിരുന്നുവെന്ന് ജീവനക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

spot_img

Related Articles

Latest news