സിദ്ദീഖ് കാപ്പനെതിരേ 5000 പേജുള്ള കുറ്റപത്രം

മറ്റു മൂന്നുപേര്‍ക്കെതിരേയും യു.എ.പി.എ

മഥുര: ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം പൊലിസ് കത്തിച്ചുകളയുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ യു.പി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.

കാപ്പനടക്കം എട്ടു പേര്‍ക്കെതിരേ 5000 പേജുള്ള കുറ്റപത്രമാണ് പൊലിസ് സമര്‍പ്പിച്ചത്. ഇതില്‍ രണ്ടു പേര്‍ കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ഒരാള്‍ അവരുടെ കാറിന്റെ ഡ്രൈവറുമാണ്. മറ്റുള്ളവര്‍ പലപ്പോഴായി അറസ്റ്റിലായവരാണ്.

കാപ്പനും മറ്റു മൂന്നു പേര്‍ക്കുമെതിരേ യു.എ.പി.എയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ ഹത്രാസില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് യു.പി പൊലിസിന്റെ ആരോപണം. ഐ.ടി നിയമപ്രകാരമുള്ള നിരവധി വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

കുറ്റപത്രത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ലഭിച്ചാലുടന്‍ അത് പഠിച്ച്‌ കേസ് നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കാപ്പന്റെ അഭിഭാഷകന്‍ മധൂവന്‍ ദത്ത് ചതുര്‍വേദി മഥുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനെ അറസ്റ്റ് ചെയ്തത്.

spot_img

Related Articles

Latest news