കൊച്ചി: സംസ്ഥാനത്തെ ആയിരക്കണക്കിന് മദ്റസ അധ്യാപകര്‍ ഓരോ മാസവും അനേകം കോടി രൂപ പെന്ഷന് പറ്റുന്നതായി ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടക്കുമ്പോൾ പെന്‍ഷന്‍കാര്‍ കേവലം 540 പേരാണ് എന്ന വിവരം പുറത്ത് വന്നിരിക്കുന്നു. 1000 രൂപ വീതമാണ് ഇവരുടെ പെൻഷൻ തുക.
മാര്‍ച്ച് വരെയുള്ള ഒരുവര്‍ഷത്തെ പെന്ഷന് കുടിശ്ശിക വാങ്ങാന്‍ 540 പേരാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 1000 മദ്റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്ഷന് പദ്ധതി നടപ്പാക്കിയെങ്കിലും അവശേഷിക്കുന്നത് ഇവര്‍ മാത്രമായി.
കുറഞ്ഞത് 14,000 മദ്റസകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പെന്‍ഷനല്ലാതെ ആര്‍ക്കും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ നല്‍കുന്നുമില്ല.
വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പള്ളികള്‍ക്ക് കീഴിലെ മദ്റസകളില്‍ തുടര്‍ച്ചയായി 10 വര്‍ഷമെങ്കിലും അധ്യാപകരായാലേ പെന്ഷന് അപേക്ഷിക്കാന്‍ കഴിയൂ. 60 വയസ്സ് പൂര്‍ത്തിയായ അപേക്ഷകരുടെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയാകണം.
രണ്ടുവര്‍ഷം മുമ്പ് 22,000 രൂപയായിരുന്നു പരിധി. 2018 ജൂലൈയില്‍ പെന്ഷന് വാങ്ങുന്നവര്‍ 800 പേരായി കുറഞ്ഞതോടെ ലൈഫ് സര്‍ട്ടിഫിക്കറ്റിനായി വഖഫ് ബോര്‍ഡില്‍നിന്ന് ഓരോരുത്തര്‍ക്കും അറിയിപ്പ് പോയിരുന്നു. അവരില്‍ പലതും ആള് ജീവിച്ചിരിപ്പില്ലെന്ന് അറിയിച്ച് തിരിച്ചുവന്നു.
2020 മേയില്‍ കൂടിയ അവസാന വഖഫ് ബോര്‍ഡ് യോഗത്തില്‍ പുതിയ പെന്ഷന് അപേക്ഷ സ്വീകരിച്ചിട്ടില്ല. ആ വര്‍ഷത്തെ പെന്ഷന് കുടിശ്ശികയായതാണ് ഇതിന് കാരണം. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചശേഷം പുതിയ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇങ്ങനെ നൂറിലേറെ പെന്ഷന് അപേക്ഷ കെട്ടിക്കിടക്കുന്നു.
പ്രതിവര്‍ഷം 1.32 കോടിയാണ് വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ നല്കുന്ന ഫണ്ട്. 2021 മാര്‍ച്ച് 30ന് രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് അതുവരെയുള്ള കുടിശ്ശിക തീര്‍ക്കാനായത്. നിലവിലുള്ളവര്‍ക്ക് പെന്ഷന് കൊടുത്തു തീര്‍ക്കാന്‍ തന്നെ 65 ലക്ഷം വേണം.
പെന്ഷന് തീര്‍ക്കാന്‍ മുന്‍ഗണന നല്‍കിയതോടെ നിര്‍ധന മുസ്ലിം സ്ത്രീകളുടെ വിവാഹ, ചികിത്സ ധനസഹായ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. 2020 ഡിസംബര്‍ വരെ ബോര്‍ഡിന്റെ സാങ്ഷന് കമ്മിറ്റി പാസാക്കിയതും അല്ലാത്തതുമായ 1820 ചികിത്സ ധനസഹായ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. ഇത് തീര്‍ക്കാന്‍ 2.69 കോടി വേണം.
പാസ്സാക്കിയ 2010 വിവാഹ ധനസഹായ അപേക്ഷയും കെട്ടിക്കിടക്കുന്നു. 2020 ഡിസംബര്‍ വരെ പാസാക്കിയിട്ടില്ലാത്ത 2150 വിവാഹ അപേക്ഷ വേറെയുമുണ്ട്. ഈ രണ്ടിനത്തിലുമായി തീര്‍പ്പാക്കാന്‍ 6.85 കോടിയെങ്കിലും വേറെയും വേണം.
മാര്‍ച്ചില്‍ ലഭിച്ച ഫണ്ടില്‍നിന്ന് പെന്ഷന് കുടിശ്ശിക തീര്‍ത്ത ശേഷം 700 വിവാഹ ധനസഹായ അപേക്ഷ മാത്രമാണ് നല്‍കിയത്.