ബ്രസല്‍സ് : കഴിഞ്ഞ വര്‍ഷം ലോകത്ത് 65 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഓഫ് ജേര്‍ണലിസ്റ്റ്സ്. 2019ലേതിനേക്കാള്‍ 17 പേര് അധികം 2020ല്‍ കൊല്ലപ്പെട്ടു. 1990ലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതക കണക്കിലെ നിരക്കിലേക്ക് ലോകം വീണ്ടും എത്തിയതായി കൊലപാതകങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഫെഡറേഷന് വെളിപ്പെടുത്തി. കരുതിക്കൂട്ടിയുള്ള അക്രമങ്ങള്‍, ബോംബാക്രമണം, വെടിവെപ്പ് എന്നിങ്ങനെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുള്ളത്.
പ്രധാനമായും 16 രാജ്യങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊലക്കിരയായിട്ടുള്ളത്. 1990 മുതലാണ് ഫെഡറേഷന്, കൊലപാതകത്തിനിരയായ മാധ്യമപ്രവര്‍ത്തകരുടെ കണക്കെടുത്തു തുടങ്ങിയത്. 1990 ന് ഇതിനകം 2,680 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന പട്ടികയില്‍ മെക്സിക്കോ ആണ് മുന്നില്‍ – ഐ. എഫ്. ജെ ജനറല്‍ സെക്രട്ടറി ആന്റണി ബെലാഞ്ചര്‍ പറഞ്ഞു. 14 കൊലപാതകങ്ങളാണ് രാജ്യത്ത് 2020ല്‍ അരങ്ങേറിയത്.
അഫ്ഗാനിസ്താനില്‍ 10 മരണങ്ങളുണ്ടായി. പാകിസ്താനില്‍ ഒമ്പത്, ഇന്ത്യയില്‍ എട്ട്, ഫിലിപ്പീന്‍സിലും സിറിയയിലും നാലു വീതം, നൈജീരിയ, യമന്‍ എന്നിവിടങ്ങളില്‍ മൂന്നുവീതം. ഇറാഖ്, സൊമാലിയ, ബംഗ്ലാദേശ്, കാമറൂണ്‍, ഹോണ്ടുറാസ്, പരാഗ്വേ, റഷ്യ, സ്വീഡന് എന്നിവിടങ്ങളിലും കൊലപാതകങ്ങള്‍ നടന്നതായി ഐ.എഫ്.ജെ ജനറല്‍ സെക്രട്ടറി ആന്റണി ബെലാഞ്ചര്‍ പറഞ്ഞു. 2021 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് വിവിധ രാജ്യങ്ങളിലായി 229 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്നുണ്ട്. തുര്‍ക്കിയില്‍ മാത്രം 67 പേര് ജയിലിലാണ്. ചൈനയില്‍ 23, ഈജിപ്തില്‍ 20, എറിത്രീയയില് 16, സൗദി അറേബ്യയില്‍ 14 എന്നിങ്ങനെ പോകുന്നു തടവുകാരുടെ കണക്ക്.