ബംഗളൂരു: രാജ്യം 75ാമത് കരസേന ദിനം ആഘോഷിക്കുന്ന വേളയില്‍ സൈനികര്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സൈനികര്‍ എപ്പോഴും രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നുവെന്നും ഒരോ ഇന്ത്യക്കാരനും സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ സൈനിക തലവനായി കെ.എം. കരിയപ്പ സ്ഥാനമേറ്റതിന്‍റെ സ്മരണാര്‍ഥമാണ് എല്ലാവര്‍ഷവും ജനുവരി 15ന് കരസേന ദിനമായി ആഘോഷിക്കുന്നത്. 1949 ജനുവരി 15നാണ് കെ.എം. കരിയപ്പ ഇന്ത്യന്‍ കരസേനയുടെ തലവനായി ചുമതലയേറ്റത്. ജനറല്‍ സര്‍ ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറായിരുന്നു ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് സൈനിക തലവന്‍.
ചരിത്രത്തിലാദ്യമായി ഡല്‍ഹിക്ക് പുറത്ത് സൈനിക പരേഡ് നടക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 1949 മുതല്‍ ഡല്‍ഹിയിലായിരുന്നു കരസേന ദിനാഘോത്തോടനുബന്ധിച്ചുള്ള പരേഡും മറ്റ് പരിപാടികളും നടന്നിരുന്നത്. എന്നാല്‍ ബംഗളൂരുവിലാണ് ഈ വര്‍ഷത്തെ കരസേന ദിനാഘോഷം. സൈനിക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സൈനിക ആസ്ഥാനങ്ങളില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്.