ദോഹ : ഖത്തര് സന്ദര്ശിക്കുന്നവര് നിര്ബന്ധമായും കാണേണ്ട ഒന്നാണ് കതാറ കള്ചറല് വില്ലേജ് . പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ അക്ഷരാര്ഥത്തില് സംസ്‌കാരവും കലയും സാഹിത്യവുമൊക്കെ സംരക്ഷിക്കുകയും പ്രോല്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു കേന്ദ്രമാണിത്.
അറേബ്യന് സാംസ്‌കാരിക പാരമ്പര്യത്തോടോപ്പം കലയും പ്രകൃതിയും ജീവിതത്തിന്റെ തുടിപ്പുകളായി മാറുമ്പോള് കതാറ സാംസ്‌കാരിക ഗ്രാമം അനുദിനം സജീവമാകും. വിവിധ തരം മല്സരങ്ങളും , പ്രദര്ശനങ്ങളും മേളകളുമൊക്കെ നിരന്തരം തുടരുന്ന ഈ ഗ്രാമം കാഴ്ചയുടെയും പ്രകൃതി ഭംഗിയുടേയും മനോഹാരിത സമ്മാനിച്ചും സന്ദര്ശകരെ മാടിവിളിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ചെടികളും സസ്യങ്ങളും മരങ്ങളുമൊക്കെ അലങ്കരിക്കുന്ന കതാറ കുന്നില് നിന്ന് ചുറ്റും നോക്കുമ്പോള് പച്ചപ്പിന്റെ സൗന്ദര്യവും ഐതിഹാസിക പ്രകൃതിദൃശ്യങ്ങളും വിസ്്മയകരമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുക. നിത്യവും ആയിരക്കണക്കിനാളുകള് സന്ദര്ശിക്കുന്ന കതാറ സാാംസ്‌കാരിക ഗ്രാമം വാരാന്ത്യങ്ങളില് സന്ദര്ശകരെ കൊണ്ട് വീര്പ്പ് മുട്ടും.
വിശാലമായ ബീച്ചും വാട്ടര് സ്‌പോര്ട്‌സ് സൗകര്യങ്ങളുമാണ് ചിലയാളുകളെ കതാറയിലേക്ക് ആകര്ഷിക്കുന്നതെങ്കില് രുചിയൂറും ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യമാണ് മറ്റു പലരേയും ഈ കേന്ദ്രത്തിന്റെ നിത്യ സന്ദര്ശകരാക്കുന്നത്.
കുട്ടികള്ക്കും കുടുംബങ്ങള്ക്കും വിജ്ഞാനവും വിനോദവും കോര്ത്തിണക്കുന്ന ചെറുതും വലുതുമായ നിരവധി പരിപാടികളാണ് കതാര അണിയിച്ചൊരുക്കുന്നത്. അന്താരാഷ്ട്ര തലത്തില് ശ്രദ്ധേയമായ പല മല്സരങ്ങള്ക്കും നേതൃത്വം നല്കുന്ന കതാറ സാംസ്‌കാരിക ഗ്രാമം രാജ്യത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പുരോഗതിയിലേക്കുളള കുതിച്ചുചാട്ടത്തിന്റെ നിദര്ശനം കൂടിയാണ്.
കലയും സംഗീതവും സംസ്‌കാരവും പാരമ്പര്യവുമൊക്കെ സജീവമായി നിലനില്ക്കുന്ന ഈ സാംസ്‌കാരിക ഗ്രാമം സ്വദേശികളുടേയും വിദേശികളുടേയും സംഗമകേന്ദ്രമാകുന്നത് അറിയാനും അറിയിക്കാനുമെന്നപോലെ പ്രകൃതിയുടെ മാസ്മരിക സൗന്ദര്യം നുകരുവാന് കൂടിയാണ് .
ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്