കാസര്‍ഗോഡ് ജില്ലയിലെ ബേഡകം പഞ്ചായത്തിലെ കുണ്ടംകുഴി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഓരോ ദിവസം ഒഴുകിയെത്തുന്ന പണത്തിന്റെ കണക്ക് ഞെട്ടിക്കുന്നതായിരുന്നു. കാസര്‍ഗോട്ടുനിന്നു മാത്രമല്ല കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍നിന്നും ആളുകള്‍ ഈ ചെറുഗ്രാമത്തിലെ സ്ഥാപനത്തിലേക്കു പണം നിക്ഷേപിക്കാനായി ഒഴുകിയെത്തി.
സകല ബാങ്കിംഗ് നിയമങ്ങളും കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ നടപടിയെടുക്കാന്‍ ഒടുവില്‍ പോലീസ് നിര്‍ബന്ധിതമായി. കമ്ബനി പ്രമോട്ടറായ കുണ്ടംകുഴി സ്വദേശി ഡി. വിനോദ്കുമാറിനെതിരേ നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചതിനു ബേഡകം പോലീസ് കേസെടുത്തു. ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ കമ്ബനിയുടെ പേരില്‍ കാസര്‍ഗോഡും കാഞ്ഞങ്ങാടും കര്‍ണാടകയിലെ ഹാസനിലുമുള്ള എട്ടു ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ആകെ 50 കോടി രൂപയാണ് ഈ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടായിരുന്നത്. കൂടാതെ മറ്റു 10 അക്കൗണ്ടുകള്‍കൂടി മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.
കമ്ബനിയുടെ തുടക്കകാലത്ത് 30 മുതല്‍ 35 ലക്ഷം രൂപ വരെയായിരുന്നു പ്രതിദിനം നിക്ഷേപമായെത്തിയത്. എന്നാല്‍, കഴിഞ്ഞ ആറു മാസത്തിനിടെ ഇത് 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി വര്‍ധിച്ചതായി ബേഡകം പോലീസ് പറയുന്നു. പ്രതിദിനം 50-100 ആള്‍ക്കാരാണു പണം നിക്ഷേപിക്കാനെത്തിയിരുന്നതെന്നും പോലീസ് റെയ്ഡ് നടത്തിയതിനുശേഷം ഇവിടേക്കുള്ള നിക്ഷേപകരുടെ ഒഴുക്കു നിലച്ചതായും സമീപവാസികള്‍ പറഞ്ഞു.
മണിചെയിന്‍ മോഡലിലാണു ജിബിജി പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണസംഘാംഗമായ എസ്ഐ ഷിബു എം. ഫിലിപ്പ് പറഞ്ഞു. 10,000 മുതല്‍ 25 ലക്ഷം വരെയുള്ള പാക്കേജുകള്‍ ഇവിടെയുണ്ട്. പുതിയ ആള്‍ക്കാരെ ചേര്‍ക്കുന്നവര്‍ക്ക് 10 ശതമാനം കമ്മീഷനും വാഗ്ദാനം ചെയ്യുന്നു.
ഓരോ മുക്കിലും മൂലയിലും പുതിയ നിക്ഷേപകരെ ചേര്‍ക്കാനായി ഇവര്‍ക്ക് ഏജന്റുമാരുണ്ട്. ചേര്‍ന്നു കഴിഞ്ഞാല്‍ ആദ്യത്തെ രണ്ടുമാസത്തെ പലിശ ടാക്സ് എന്ന പേരില്‍ കമ്ബനി പിടിച്ചുവയ്ക്കും. ഇങ്ങനെ പുതിയ നിക്ഷേപകരുടെ പണമെടുത്താണ് ആദ്യകാല നിക്ഷേപകര്‍ക്കു പലിശ നല്‍കുന്നതെന്നും പോലീസ് പറഞ്ഞു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍നിന്നായി കോടികള്‍ വെട്ടിച്ച ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയാണു വിനോദ്കുമാര്‍. കാസര്‍ഗോഡ് ജില്ലയില്‍നിന്നു മാത്രം ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ അന്ന് 31 കോടി രൂപ സമാഹരിച്ചതായി പോലീസ് പറഞ്ഞു. കേസന്വേഷണം നടത്തിയ കണ്ണൂര്‍ ക്രൈംബ്രാഞ്ച് 2015ല്‍ 22 പേര്‍ക്കെതിരേ ചതി, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. കേസിന്റെ അടുത്ത വാദം ഡിസംബര്‍ 26ന് തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കും.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനുകീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്ബനീസ് (ആര്‍ഒസി) പുതുതായി ഒരു കമ്ബനി തുടങ്ങുന്നതില്‍നിന്നു വിനോദ് കുമാറിനെ അഞ്ചു വര്‍ഷത്തേക്കു വിലക്കിയിരുന്നു. 2020 ഒക്ടോബര്‍ 31നാണ് ഈ വിലക്കിന്റെ കാലാവധി കഴിഞ്ഞത്. തുടര്‍ന്ന് 12 ദിവസത്തിനുശേഷം എറണാകുളത്ത് ജിബിജി നിധി ലിമിറ്റഡ് എന്ന കമ്ബനി ഇയാള്‍ രജിസ്റ്റര്‍ ചെയ്തു. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റില്‍ പണം നഷ്ടപ്പെട്ടവര്‍ പോലും ഈ പുതിയ സംരംഭത്തിലും പണം നിക്ഷേപിച്ചിട്ടുണ്ടെന്നതാണു വിരോധാഭാസം.