തബൂക്ക്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനും ഭരണത്തുടര്‍ച്ചക്കും മാസ് തബൂക്കിന്റെ നേതൃത്വത്തില്‍ ല്‍.ഡി.എഫ് മേഖല തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേര്‍ന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.
കേരളം ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്തെടുത്തെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്ഷന് കൊടുത്തത് ’80ലെ നായനാര്‍ സര്‍ക്കാറാണ്. സാക്ഷരതയജ്ഞം നാടിന് മോചനത്തിനുവേണ്ടി എന്ന മുദ്രാവാക്യവുമായി ഏറ്റവും പ്രായമുള്ളവരെപ്പോലും അക്ഷരം പഠിപ്പിച്ച് അവരെ വായനശീലത്തിലേക്ക് കൊണ്ടുവന്ന് ആ ജനതയുടെ വിമോചനത്തിന്റെ പുതിയ പന്ഥാവ് തീര്‍ത്തു ഇടതുപക്ഷക്കാര്‍.
അതിന്റെ തുടര്‍ച്ചയായുള്ള പിണറായി സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നാടിനാകെ മാതൃകയാവുകയാണ്. അധികാരത്തില്‍ വന്നപ്പോള്‍തന്നെ 18 മാസം കുടിശ്ശികയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തു തീര്‍ത്തു. മാത്രമല്ല പെന്ഷന് വര്‍ധിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖല ഹൈടെക് ആക്കി. ആരോഗ്യമേഖല കൂടുതല്‍ കരുത്താര്‍ജിച്ചു.
പി.എസ്.സി വഴി ഒന്നര ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ കൊടുത്തു. പ്രളയകാലത്ത് ജനങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. ലൈഫ് മിഷന് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്കി. കോവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ നാടിനെ പട്ടിണിക്കിടാതെ കാത്തുസംരക്ഷിച്ചു.
ജോലി നഷ്ടപ്പെട്ടു നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്കി. പ്രവാസി പുനരധിവാസത്തിന് നിരവധി പാക്കേജുകള്‍ നടപ്പാക്കി. പ്രവാസി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. കൂടുതല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഈ സര്‍ക്കാറിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ഇത് സഹായകമാകട്ടെയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ മാസ് തബൂക്ക് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു. ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു. ഡോ. മുബാറക് സാനി, പ്രദീപ് കുമാര്‍, കെ.എം. ഷാനവാസ്, ഷിബു തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. നജീബ് അഹ്മദ് നന്ദി പറഞ്ഞു.