ഇഡി ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന് നിയമപരിരക്ഷയുണ്ടെന്ന് റിപ്പോർട്ട്.സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ സര്‍ക്കാരിനെയും രാഷ്ട്രീയ നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോ എന്നതടക്കമുള്ള വിഷയങ്ങളാണ് അന്വേഷണപരിധിയില്‍ വരിക. അത് 1952ലെ അന്വേഷണ കമീഷന് നിയമപ്രകാരം പൊതുതാല്‍പ്പര്യമുള്ള വിഷയത്തിന്റെ പരിധിയില്‍ വരികയും ചെയ്യും. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്മേല് ജുഡീഷ്യല്‍ അന്വേഷണം നടത്താനല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായര്‍ ജഡ്ജിക്ക് അയച്ച കത്ത്, സ്വപ്നയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി, ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രതികള്‍ക്ക് മേലുള്ള സമ്മര്‍ദം, അതിന് പിന്നില്‍ ആരൊക്കെ എന്നിവയാണ് ജുഡീഷ്യല്‍ കമീഷന് പരിശോധിക്കുക. കേന്ദ്ര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അത് പരിശോധിക്കുകയെന്നത് സംസ്ഥാന വിഷയമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സേനാംഗങ്ങളോ വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരോ ഒരു സംസ്ഥാനത്ത് ക്രിമിനല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം സംസ്ഥാന പൊലീസിന് നടപടി എടുക്കാം. ഇപ്പോള്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ആ ഗണത്തില്‍ വരുമെന്ന് മാത്രമല്ല, സംസ്ഥാന പൊലീസ് സേനയിലെ രണ്ട് അംഗങ്ങളുടെ പങ്കുകൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയതും പ്രസക്തി കൂട്ടുന്നു.
ഒരു കേന്ദ്ര ഏജന്‍സിയില്‍ അംഗമായി എന്ന കാരണം കൊണ്ടു മാത്രം ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കുന്നില്ല. സമ്മര്‍ദം ചെലുത്തി മൊഴി വാങ്ങാനും അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിക്കാനും ഇഡി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി ആണ് ആരോപിക്കുന്നത്. ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ പങ്കുള്ളവരും നിയമനടപടിക്ക് വിധേയമാകും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ, കസ്റ്റംസ്, ഇഡി തുടങ്ങിയ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ രാഷ്ട്രീയലക്ഷ്യത്തോടെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതായാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം ബലപ്പെടുത്തുന്ന മൊഴികളും മറ്റ് തെളിവുകളും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. അതിന്മേലുള്ള കൃത്യതയും വ്യാപ്തിയും കണ്ടെത്തുകയും തുടര്‍ നടപടി ശുപാര്‍ശ ചെയ്യുകയുമാണ് ജുഡീഷ്യല്‍ കമീഷന്റെ ചുമതല.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിധി ലംഘിച്ചോ എന്ന് കണ്ടെത്തുകയാണ് ഉദ്ദേശ്യമെങ്കിലും ജുഡീഷ്യല്‍ കമീഷന് കേന്ദ്ര, സംസ്ഥാന വിഷയങ്ങളിലടക്കം കടന്നുചെല്ലാന്‍ സ്വമേധയാ കഴിയും. കേന്ദ്ര, സംസ്ഥാന ബന്ധം, സര്‍ക്കാരുകളുടെ അധികാരം, കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനപരിധി തുടങ്ങിയ കാര്യങ്ങളില്‍ കമീഷന്റെ നിഗമനങ്ങള്‍ ശ്രദ്ധേയമായ ചര്‍ച്ചയ്ക്ക് വഴിതെളിക്കും.