രണ്ടു വോട്ടുകളും കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ 89-ാം ബൂത്തില്‍
തിരുവനന്തപുരം: എ ഐ സി സി മാധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ടവോട്ട്. രണ്ടു വോട്ടുകളും കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ്. ഒന്നില്‍ പിതാവിന്റെ പേരും മറ്റൊന്നില്‍ ഭര്‍ത്താവിന്റെ പേരുമാണ് വിലാസത്തോടൊപ്പം നല്‍കിയിരിക്കുന്നത്. 89-ാം ബൂതിലെ 532-ാം നമ്പര്‍ വോട്ടറായ ഷമ മുഹമ്മദിന്റെ വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പര്‍ വോട്ടര്‍ കൂടിയായ ഷമ വിലാസത്തോടൊപ്പം ഭര്‍ത്താവ് കെ പി സോയ മുഹമ്മദിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് മുഴുവന്‍ ഇരട്ടവോട്ടുകള്‍ വ്യാപകമാണെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന് ഇത് ശരിവെക്കുകയും ചെയ്തു. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ചോദിച്ചു.
ആരോപണമുന്നയിച്ചതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും പെരുമ്പാവൂരിലും മുവാറ്റുപുഴയിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ് എസ് ലാലിനും ഇരട്ടവോട്ടുകളുണ്ടെന്ന് കണ്ടെത്തിയതും പ്രതിപക്ഷ നേതാവിന് തന്നെ തിരിച്ചടിയായിരുന്നു.