കൊവിഡ് നിയന്ത്രണങ്ങള്‍: മദീനയില്‍ തറാവീഹ് നിസ്കാരം പത്ത് റകഅത്ത് മാത്രം

മദീന: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദീനയിലെ മസ്ജിദുന്നബവിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റമദാനില്‍ തറാവീഹ് നിസ്കാരങ്ങളുടെ എണ്ണം കുറച്ചു. അഞ്ച് സലാം വീട്ടലോടെ പൂര്‍ത്തിയാക്കി പത്ത് റക്‌അത്ത് മാത്രമായിരിക്കും തറാവീഹ് നിസ്കാരം.

തറാവീഹ് നിസ്കാര ശേഷം അര മണിക്കൂറിനുള്ളില്‍ മസ്ജിദുന്നബവി അടച്ചിടുകയും ചെയ്യും. നിസ്കാരത്തിന് വരുന്നവരുടെ കൂട്ടത്തില്‍ പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയില്ല. കൂടാതെ, പള്ളിയിലും മുറ്റങ്ങളിലും അത്താഴ വിതരണത്തിനും വിലക്ക് ഏര്‍പ്പെടുത്തി. ഇഅ്‌തികാഫിനും (ഭജനമിരിക്കല്‍) വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നോമ്പ് തുറ, അത്താഴ ഭക്ഷണങ്ങള്‍ വ്യക്തിഗതമായിരിക്കുമെന്നും ഇതിനായി ഏജന്‍സികളെ യോഗ്യതയുള്ള അധികാരികളുമായി ഏകോപിപ്പിക്കുമെന്നും മദീന പ്രവാചക പള്ളി അധികൃതരും അറിയിച്ചു.

അതേസമയം, വിശുദ്ധ റമദാനില്‍ മക്കയിലെയും മദീനയിലെയും വിശുദ്ധ ഭവനങ്ങളില്‍ സമൂഹ ഇഫ്‌ത്വാറിനും ഇഅ്‌തികാഫിനായും എത്തുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി ഇരു ഹറം കാര്യാലയ ഡോ: ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് അറിയിച്ചു. റമദാനില്‍ ഇവിടെയെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി ഈത്തപ്പഴവും വെള്ളവും കരുതാന്‍ മാത്രമാണ് അനുവാദം. ഭക്ഷണം കൊണ്ട് വരാനോ വിതരണം ചെയ്യാനോ അനുമതിയില്ല.

വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഇരു ഹറമുകളും പൂര്‍ണമായും തയ്യാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കയിലെ വിശുദ്ധ ഹറമിലെത്തുന്ന വിശ്വാസികള്‍ക്ക് പാക്ക് ചെയ്ത നോമ്പ് തുറ, അത്താഴ വിഭവ വിതരണത്തിന് മക്ക പ്രവിശ്യ ഗവര്‍ണറേറ്റുമായി സഹകരിച്ച്‌ പദ്ധതികള്‍ നടപ്പാക്കും. പ്രതിദിനം 200,000 വെള്ളകുപ്പികള്‍ വിതരണം ചെയ്യും.

വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള മത്വാഫ് (പ്രദക്ഷിണ മുറ്റം) ഉംറ പെര്‍മിറ്റ്‌ ലഭ്യമായിട്ടുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി മാറ്റി വെക്കും. മറ്റുള്ളവരെ ഇവിടേക്ക് നിസ്കാരങ്ങള്‍ക്കായോ മറ്റോ അനുവദിക്കുകയില്ല.

മസ്ജിദുല്‍ ഹറാമില്‍ കിഴക്കന്‍ സ്ക്വയറിനു പുറമേ വിശുദ്ധ പള്ളിയുടെ അഞ്ച് ഭാഗങ്ങള്‍ പ്രാര്‍ത്ഥനക്കായി തുറന്ന് നല്‍കും. മക്ക മസ്ജിദുല്‍ ഹറാം ലൈബ്രറി, വിശുദ്ധ ഖുര്‍ആന്‍ എക്‌സിബിഷന്‍ സെന്റര്‍, ഹറമൈന്‍ എക്‌സിബിഷന്‍, കിങ് അബ്ദുല്‍ അസീസ് കിസ്‌വ കേന്ദ്രം എന്നിവ നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കും തുറക്കുക.

ഇരു ഹറമുകളിലും നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news