മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സ്പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാരിന്റെ വാദം. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് അരിവിതരണം തെരെഞ്ഞെടുപ്പ് കമീഷന് തടഞ്ഞിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അരി വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നല്കി വന്നിരുന്ന നടപടികളുടെ തുടര്‍ച്ചയാണെന്നുമാണ് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചത്. ഇതിനിടെ വിഷു – ഈസ്റ്റര്‍ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും.
പെസഹ വ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ഏപ്രില്‍ ഒന്നും രണ്ടും അവധി ദിവസങ്ങളായതിനാല്‍ കട തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയതോടെയാണിത്. നേരത്തെ മാര്‍ച്ച് 25 മുതല്‍ കിറ്റ് നല്കി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.