താമരശ്ശേരി: പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗങ്ങളിൽ അശാസ്ത്രീയമായ റോഡ് പ്രവൃത്തി കാരണം നൂറുക്കണക്കിന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ കരാറുകാർക്കും, ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ടർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആവശ്യമായ സാങ്കേതിക പരിജ്ഞാനമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കമ്പനിക്ക് കരാർ ലഭിക്കാൻ ഇടയായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സാധരണ ഗതിയിൽ റോഡിൻ്റെ ഒരു ഭാഗം സഞ്ചാരയോഗ്യമാക്കിയതിനു ശേഷമാണ് മറുഭാഗത്ത് പണി നടത്താറുള്ളത് എന്നാൽ ഇവിടെ മറിച്ചാണ് ചെയ്തത്, വരും ദിവസങ്ങളിൽ മഴ പെയ്താൽ കൂടുതൽ അപകടങ്ങൾ ഇവിടെയുണ്ടാവാൻ സാധ്യതയുണ്ട്.
നൂറുക്കണക്കിന് അപകടങ്ങൾ നടന്നിട്ടും റോഡിൽ അപായസൂചന നൽകാൻ പോലും കാരാറുകാർ തയ്യാറായിട്ടില്ല. രാപ്പകൽ നാട്ടുകാർ റോഡിൽ കാവൽ നിന്നതിനാലാണ് അപകടങ്ങൾക്ക് ഏറെ കുറവുണ്ടായത്.
ചെക്ക് പോസ്റ്റ് മുതൽ ഒടുങ്ങാക്കാട് വരെ ഇതേ കരാറുകാർ റീ ടാർ ചെയ്ത റോഡ് അപ്പാടെ തകർന്നിട്ടും ഇവർക്കു വേണ്ടി ഒത്താശ ചെയ്യുന്ന ദേശീയ പാത വിഭാഗം ഉദ്യാഗസ്ഥരുടെ നിലപാട് സംശയാസ്പദമാണെന്നും നാട്ടുകാർ പറഞ്ഞു.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന കേരള -തമഴ്നാട് – കർണാടക അന്തർ സംസ്ഥാന പാതയിലെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ഡ്രൈവർമാരും ആവശ്യപ്പെട്ടു.