ഇ. പി യെ പി. ജെ യെയും പിണറായി ഒതുക്കി
കണ്ണൂര്‍: പി. ജയരാജനെയും ഇ.പി. ജയരാജനെയും പിണറായി വിജയന്‍ ഒതുക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ഏറ്റവും വിശ്വസ്തരായിരുന്നു ഒരുകാലത്ത് ഇരുവരും.
മലപോലെയാണ് ഇ. പി., പിണറായിക്ക് പിന്നില്‍ അണിനിരന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയാകാമെന്ന് ഇ. പി. ജയരാജന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാനം അദ്ദേഹത്തെ കറിവേപ്പിലപോലെ ഒഴിവാക്കിയിരിക്കുകയാണ്.
അച്ചടക്ക ബോധമുള്ള നേതാവാണ് പി. ജയരാജന്‍. അക്രമ രാഷ്ട്രീയത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈകള്‍ തുന്നി ചേര്‍ക്കേണ്ടിവന്നു. ആ ജയരാജനെയും മുഖ്യമന്ത്രി മാറ്റി നിര്‍ത്തി. ഇക്കാര്യത്തില്‍ പി. ജയരാജന്റെ അനുയായികള്‍ ഏറെ ദു:ഖിതരാണ്. ആ ദു:ഖം കണ്ടില്ലെന്ന് നടിച്ച് സി.പി.എമ്മിന് മുന്നോട്ടുപോകാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എമ്മിന്റെ അവസാനത്തെ ‘ഔട്ട് പോസ്റ്റ്’ ആണ് കേരളം. മുങ്ങാന്‍ പോകുന്ന കപ്പലില്‍നിന്ന് ചാടാന്‍ കാത്തിരിക്കുന്ന ക്യാപ്റ്റനാണ് പിണറായി വിജയന്‍. സ്വയം ചാടുന്നതിനൊപ്പം യാത്രക്കാരെ മുക്കാനും ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ് ഈ ക്യാപ്റ്റന്‍. അദ്ദേഹം കേരളത്തെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.
പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇവന്‍റ് മാനേജ്മെന്റാണ് പിണറായിയെ ക്യാപ്റ്റന്‍ പദവിയില്‍ പ്രതിഷ്ഠിച്ചത്. കൊലയാളികളുടെയും സാമൂഹിക വിരുദ്ധരുടെയും സഹസ്ര കോടീശ്വരന്മാരുടെയും ക്യാപ്റ്റനാണ് പിണറായി. അത്തരത്തിലുള്ള ക്യാപ്റ്റനെയാണ് ജനങ്ങള്‍ കാണുന്നത്. അതു കൊണ്ട് പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.