ഇന്ന് മുതല്‍ പാചകവാതക വില 10 രൂപ കുറച്ചു

ദില്ലി: തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിനിടെ രാജ്യത്ത് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 10 രൂപ കുറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറുകള്‍ ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വിവരം അറിയിച്ചത്.

മാര്‍ച്ച്‌ ഒന്നിനാണ് ഏറ്റവും ഒടുവില്‍ ഗ്യാസ് സിലിണ്ടറിന് വില വര്‍ധിപ്പിക്കുന്നത്. അന്ന് സിലിണ്ടറിന് 25 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 25 രൂപ വര്‍ധിപ്പിച്ചതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 രൂപയിലെത്തിയിരുന്നു.

മാര്‍ച്ചിന് പുറമേ ഫെബ്രുവരിയില്‍ തന്നെ മൂന്ന് തവണയാണ് പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ച്‌ ആദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചതിന് പുറമേ ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിക്കുകയായിരുന്നു.

മാര്‍ച്ച്‌ 30ന് പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചിരുന്നു. ഇത്തരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി കുറഞ്ഞിട്ടുണ്ട്.

നേരത്തേ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതോടെ രാജസ്ഥാനിലെ ചില നഗരങ്ങളില്‍ ഇന്ധനവില നൂറ് കടക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. യൂറോപ്പിലും ഏഷ്യയിലും ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ധനവില കുറച്ചിട്ടുള്ളത്.

 

spot_img

Related Articles

Latest news