ബിജെപി നേതാക്കളെ കണ്ടതായി ഓര്‍മയില്ല
2001ല്‍ കോലീബി സഖ്യത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ധാരണ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപിയെ സമീപിച്ചുവെന്ന ബിജെപി നേതാവ് സികെ പദ്മനാഭന്റെ വെളിപ്പെടുത്തലിനെ തള്ളി പികെ കുഞ്ഞാലിക്കുട്ടി. 2001-ല്‍ സികെ പദ്മനാഭന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ കണ്ടതായി ഓര്‍മയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സി പി എം – ബി ജെ പി ധാരണ പുറത്തായതിലെ ജാള്യത മറയ്ക്കുന്നതിനാണ് ബി ജെ പി നേതാവ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടതുപക്ഷവും ബിജെപിയും ചെറിയ ധാരണയിലാണ്. അത് ഇപ്പോള്‍ പുറത്തായി. ഇപ്പോള്‍ ഞാന്‍ വിചാരിച്ചാലും ഓര്‍ക്കാന്‍ കഴിയാത്ത, ഉണ്ടോ ഇല്ലയോ എന്ന് ഒരു മനുഷ്യനും ഓര്‍ക്കാന്‍ കഴിയാത്ത കാര്യമാണിത്. മാണി സാര്‍ ജീവിച്ചിരിക്കുന്നുപോലുമില്ല. പഴങ്കഥകളൊക്കെ പറഞ്ഞ് വിഷയം മാറ്റാന്‍ നോക്കുകയാണ് – കുഞ്ഞാലിക്കുട്ടി പറയുന്നു. കോലീബി സഖ്യത്തെ വെച്ചുപൊറുപ്പിക്കാത്ത എകെ ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി എന്നും കോണ്‍ഗ്രസാണ് ബിജെപിയുടെയും സിപിഎമ്മിന്റേയും മുഖ്യശത്രുവെന്നും അദ്ദേഹം പറഞ്ഞു.