മതസൗഹാര്‍ദ സമീപനത്തെ പിച്ചിക്കീറുന്ന നടപടി
കൊല്ലം: കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ പിച്ചിക്കീറുന്ന നടപടിയാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എം എ ബേബി വിമര്‍ശിച്ചു. കരുനാഗപ്പള്ളിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കായി നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബേബി.
ശബരിമലയില്‍ പോയി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിക്കാം. തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ, ‘അല്ലാഹു അക്ബര്‍’ എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയല്ലെന്ന് എം. എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സര്‍ക്കാരുകളുടെ നയമാണ് ചര്‍ച്ച ചെയ്യേണ്ടത്. ഭരണഘടന ഉറപ്പു നല്കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്കുന്നുണ്ടോയെന്നും എം. എ ബേബി ചോദിച്ചു.
കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തത്. പത്തനംതിട്ടയെ ആത്മീയതയുടെ മണ്ണെന്നായിരുന്നു മോദി അഭിസംബോധന ചെയ്തത്.