അബുദബി: എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മള്‍ട്ടിപ്പിള്‍ വിസ അനുമതി നല്‍കുന്ന സുപ്രധാന നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകരം നല്‍കി. ഇതോടെ വന്‍ മാറ്റത്തിന് രാജ്യം തുടക്കം കുറിച്ചിരിക്കുകയാണ്. എമിറേറ്റ്‌സിലെ വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
പല തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഫീസ് 1150 ദിര്‍ഹമാണ്. ഇതോടൊപ്പം വിര്‍ച്വല്‍ വിസയ്ക്കും യുഎഇ മന്ത്രിസഭ അനുമതി നല്‍കി.
പൊതുനിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകുന്ന സംരംഭകര്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍, വ്യവസായികള്‍, വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് 6 മാസം കാലാവധിയുള്ള വിസ നല്‍കുന്നത്.
യുഎഇ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ പുതിയ വിദൂര വര്‍ക്ക് വിസയ്ക്കും എല്ലാ രാജ്യത്ത് നിന്നുള്ളവര്‍ക്കും ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും അനുവദിച്ചിരുന്നു.
ഇതിനായി പൊതുസേവന കേന്ദ്രങ്ങള്‍, ടൈപ്പിങ് സെന്ററുകള്‍ എന്നിവ വഴി അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സ്മാര്‍ട് സംവിധാനവും ഉപയോഗപ്പെടുത്താം. അപേക്ഷകളും അനുബന്ധ രേഖകളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ഭേദഗതി വേണമെങ്കില്‍ അപേക്ഷകരെ അറിയിക്കും. അവ്യക്തമോ അപൂര്‍ണമോ ആയ അപേക്ഷകളില്‍ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിക്കണം.
ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷകന്‍ പൊതുനിക്ഷേപകനാണെങ്കില്‍ രാജ്യത്തെ അംഗീകൃത നിക്ഷേപക ഫണ്ടില്‍ നിന്നുള്ള രേഖ സമര്‍പ്പിക്കണം. 20 ലക്ഷം ദിര്‍ഹം മൂലധന നിക്ഷേപമുണ്ടെന്നു തെളിയിക്കാനാണിത്. വാറ്റ് രേഖകളും ഉണ്ടാകണം.
ബിസിനസ് പങ്കാളിയാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. വ്യവസായ സംരംഭകനാണെങ്കില്‍ 5 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പദ്ധതിയുടെ ഉടമയാണെന്ന് യുഎഇയിലെ ഒരു ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തണം. ഒരു വര്‍ഷത്തില്‍ കുറയാത്ത ആരോഗ്യ ഇന്‍ഷുറന്‍സും പാക്കേജും താമസ വാടക കരാറും ഉണ്ടാകണം.
റിയല്‍ എസ്‌റ്റേറ്റ് മേഖലയാണെങ്കില്‍ കമ്പനി ഉടമയാണെന്നും സ്ഥാപനത്തിനു വായ്പ ഇല്ലെന്നും തെളിയിക്കണം. യുഎഇയില്‍ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കെട്ടിട വാടക കരാറും കാണിക്കണം. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരാണെങ്കില്‍ യുഎഇയിലെ അംഗീകൃത സാംസ്‌കാരിക, കലാ കേന്ദ്രങ്ങളില്‍ നിന്നുള്ള രേഖയും ആരോഗ്യ ഇന്‍ഷുറന്‍സ് രേഖയും ഹാജരാക്കണം.
ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ വിദഗ്ധ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ ഇതു തെളിയിക്കുന്ന രേഖകള്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ഹാജരാക്കണം. ഇന്‍ഷുറന്‍സ് രേഖകളും നിര്‍ബന്ധം. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള വിസയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖയാണു വേണ്ടത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുടെ വിസയ്ക്ക് സര്‍വകലാശാലകളാണ് അപേക്ഷ നല്‍കേണ്ടത്.