140 നിയമസഭാമണ്ഡലങ്ങൾ
957 സ്ഥാനാർഥികൾ
40771 ബൂത്തുകൾ
തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട സംഭവബഹുലമായ പ്രചാരണത്തിനൊടുവിൽ കേരളം പോളിങ് ബൂത്തിൽ. കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം നടന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിച്ചു. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.
957 സ്ഥാനാർഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരുമാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഒരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ബൂത്തുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്.
80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽവോട്ട് ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മിഷൻ കോവിഡ് രോഗികൾക്കും അവസാനമണിക്കൂറിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയിൽ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.
ഇരട്ടവോട്ടുകൾ വിവാദമായ സാഹചര്യത്തിൽ ഒന്നിലേറെ പ്രാവശ്യം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാസംവിധാനവും ഒരുക്കും. കേരളപോലീസിന്റെ 59,292 ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാചുമതലയ്ക്കുണ്ട്. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാർ നേതൃത്വം വഹിക്കും.
പോലീസിന്റെ വിവിധ പട്രോൾസംഘങ്ങൾക്കുപുറമേ, നക്സൽബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
Media wings: