കോവിഡ് വ്യാപനം: എട്ടിന് മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ എട്ടിന് വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 17 നാണ് മോദി മുഖ്യമന്ത്രിമാരുമായി അവസാനമായി ആശയവിനിമയം നടത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ദ്രുതവും നിര്‍ണായകവുമായ നടപടികള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേരാണ് രാജ്യത്ത് രോഗികളായത്.

രണ്ടാം തരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. രോഗവ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര ദൗത്യ സംഘത്തിന്റെ വിലയിരുത്തല്‍. കോവിഡ് സാഹചര്യത്തിന് പുറമെ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവും ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ചൊവ്വാഴ്ച 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈറസ് കേസുകളുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കുന്ന അവിടത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി മോദി ഞായറാഴ്ച രാജ്യത്ത് കോവിഡ് 19 അവസ്ഥയും വാക്‌സിനേഷന്‍ വിതരണവും അവലോകനം ചെയ്തിരുന്നു. കോവിഡ് പരിശോധന, രോഗനിര്‍ണയം, ചികില്‍സ, കൊവിഡ് പ്രോട്ടോക്കോള്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും നടപ്പാക്കിയാല്‍ വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമാവുമെന്ന് മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news