പയ്യന്നൂർ നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിൽ പോളിംഗ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. കണ്ടങ്കലി സ്കൂളിലെ ബൂത്ത് 105 എയിലെ പ്രിസൈഡിംഗ് ഓഫീസറെ ആണ് സിപിഎം പ്രവർത്തകരെന്ന പറയപ്പെടുന്നവർ ചേർന്ന് ആക്രമിച്ചത്. പാനൂർ സ്വദേശിയും തലശ്ശേരിയിലെ ഡി.ഐ.എ കോളേജിലെ പ്രൊഫസറുമായ മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് അക്രമത്തിൽ പരിക്കേറ്റത്.
റേഷൻ കാർഡുമായി വോട്ടുചെയ്യാൻ വന്ന വോട്ടറെ പ്രിസൈഡിംഗ് ഓഫീസർ അനുവദിക്കാത്തതിനെ തുടർന്നാണ് അക്രമ സംഭവം അരങ്ങേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ലഭ്യമല്ലാത്തതിനാൽ വോട്ടിംഗ് അനുവദിച്ചിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫിസർ പറഞ്ഞു.
സംഭവത്തെ തുടർന്ന് പോളിംഗ് അരമണിക്കൂറോളം നിർത്തിവച്ചു. പരിക്കേറ്റ പ്രിസൈഡിംഗ് ഓഫിസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹത്തിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ച ശേഷം തിരഞ്ഞെടുപ്പ് പുനരാരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.