പോളിങ് 74.02%; കഴിഞ്ഞതവണ 77.35%
തിരുവനന്തപുരം : പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നു സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ കണക്കനുസരിച്ച് സംസ്ഥാനത്തു കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ്. 2016-ല്‍ 77.35 ശതമാനമായിരുന്ന പോളിങ് ഇക്കുറി 74.02 ശതമാനമായി കുറഞ്ഞു.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്-78.3%. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 74.53% പോളിങ് രേഖപ്പെടുത്തി. അന്തിമ വിശകലനം പുറത്തുവരുമ്പോള്‍ കണക്കുകളില്‍ മാറ്റമുണ്ടാകാം. മേയ് രണ്ടിനാണു വോട്ടെണ്ണല്‍.
അതേസമയം, വോട്ടെടുപ്പിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി അക്രമ സംഭവങ്ങളുണ്ടായി. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ ഘട്ടത്തില്‍ അടക്കി വച്ച രാഷ്ട്രീയപ്പകയുടെ കണക്കു തീര്‍ക്കല്‍. ശക്തമായ ത്രികോണമത്സരം നടന്ന, തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തില്‍ കാട്ടായിക്കോണത്തു സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ രണ്ടു തവണ ഏറ്റുമുട്ടി. നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധിപ്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരില്‍ വോട്ടെടുപ്പിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തുടരുന്നു. മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ്-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ് ഗുരുതര പരുക്ക്. ബോംബേറില്‍ സി.പി.എമ്മുകാര്‍ക്കും പരുക്കേറ്റു. കള്ളവോട്ട് ആരോപണത്തിനു പിന്നാലെയാണ് സംഘര്‍ഷം.
വോട്ടെടുപ്പിനിടയില്ത്തന്നെ കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടന്നിരുന്നു. തളിപ്പറമ്പ് ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദിനു നേരേ കൈയേറ്റ ശ്രമമുണ്ടായി. പ്രിസൈഡിങ് ഓഫീസര്‍ക്കും ബൂത്ത് ഏജന്റിനും മര്‍ദനമേറ്റു.
മന്ത്രി കെ.ടി. ജലീല്‍ മത്സരിക്കുന്ന മലപ്പുറം തവനൂര്‍ മണ്ഡലത്തിലെ വട്ടംകുളം, തവനൂര്‍ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്. പ്രവര്‍ത്തകരാണ് ഏറ്റു മുട്ടിയത്. ജലീലിന്റെ അപരനായി മത്സരിച്ച കെ.ടി. ജലീലിന്റെ പോസ്റ്ററുകളെച്ചൊല്ലിയായിരുന്നു സംഘര്‍ഷം.
കോഴിക്കോട്, ബാലുശേരി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിങ് ബൂത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍, തേനാക്കുഴി യു.പി സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. ആറന്മുളയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വീണാ ജോര്‍ജിനു നേരെയും ആക്രമണ ശ്രമമുണ്ടായതായി ആരോപണമുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. എരുവ മാവിലേത്ത് സ്കൂളിനു മുന്നില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന്, സഹോദരന് രതീഷ് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബൈക്കിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ഇടുക്കി, നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ആരോപിച്ച് ഒരു സംഘം ആളുകളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തമിഴ്നാട്ടില്‍ വോട്ട് ചെയ്തശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നു ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇരട്ടവോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തില്‍, വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി പരാതിയുയര്‍ന്നു. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലായിരുന്നു കൂടുതല്‍ പരാതി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ തപാല്‍ വോട്ട് ചെയ്തതായി കാണിച്ച് അനുമതി നിഷേധിച്ചെന്ന പരാതിയും ചിലയിടങ്ങളില്‍ ഉയര്‍ന്നു.
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ നീണ്ട വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ പലയിടത്തും സമ്മതിദായകരുടെ നീണ്ടനിര ദൃശ്യമായി.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച പോളിങ് നടന്നു. ചില ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. കല്‍പ്പറ്റയില്‍ യന്ത്രം തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതിയുയര്‍ന്നതോടെ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി.