പ്രവാസിയെ അടുത്ത ബന്ധു കൊലപ്പെടുത്തി

വിളിച്ചു വരുത്തി സല്‍ക്കരിച്ചു; പിന്നെ വെട്ടിക്കൊന്നു; മൃതദേഹം ചാണകക്കുഴിയില്‍ തള്ളി

ഓയൂരിൽ പ്രവാസിയെ അടുത്ത ബന്ധു കൊലപ്പെടുത്തിയ സംഭവം നാട്ടുകാർക്കും ബന്ധുക്കൾക്കും ഞെട്ടലായി. കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ് ഹാഷിമിനെ അടുത്ത ബന്ധുവായ ഷറഫുദീന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് നാടകീയമായി.

മാര്‍ച്ച്‌ 31 വൈകിട്ട് ഏഴിന് ഹാഷിമിനെ കാണാതായെങ്കിലും ഇടയ്ക്ക് വീട്ടുകാരോട് പറയാതെ ബന്ധുവീട്ടില്‍ പോകുന്ന പതിവുള്ളതിനാല്‍ വീട്ടുകാര്‍ പരാതി നല്‍കിയില്ല. ഹാഷിമിന്റെ സഹോദരിയുടെ മകള്‍ നിര്‍ബന്ധിച്ചതോടെയാണ് 2ന് ഭാര്യ ഷാമില പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്.

ആറ്റൂര്‍കോണം പമ്പ് ഹൗസിനു സമീപം ഒറ്റപ്പെട്ട നിലയിലാണ് ഷറഫുദീന്റെ വീട്. കോവിഡ് വ്യാപന സമയത്ത് സൗദിയിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷറഫുദീന്‍ പശുവളര്‍ത്തല്‍ ആരംഭിച്ചിരുന്നു. ഷറഫുദിന്റെ വീട്ടില്‍ ഹാഷിമും മറ്റുചിലരും ഒത്തു കൂടി മദ്യപിക്കുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹാഷിമിനെ കാണാതായതായി പരാതി ലഭിച്ചതോടെ ഈ സംഘത്തിലെ ചിലരെയും ഷറഫുദീനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലിന് ഡോഗ് സ്ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സംശയം ഷറഫുദീനിലേക്കു തിരിഞ്ഞത്. പോലീസ് നായ ഷറഫുദീന്റെ വീട്ടില്‍ കയറിയ ശേഷം ചാണകക്കുഴിയുടെ ഭാഗം വരെ പോയി മടങ്ങി.

ഹാഷിമിന്റെ മൊബൈല്‍ ഫോണ്‍ ഓഫാകും മുന്‍പ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത് ഷറഫുദീന്റെ വീടിനു സമീപമായിരുന്നു. ഇതെല്ലാം പോലീസിന്റെ സംശയം കൂടുതല്‍ ബലപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ ഷറഫുദീന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ജോലി നഷ്ടമായ ഷറഫുദീന് നാട്ടിലേക്ക് മടങ്ങാന്‍ ഹാഷിമും സഹോദരന്‍ റഹീമും സാമ്പത്തികമായി സഹായം നല്‍കിയിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഹാഷിം ഈ പണം മടക്കി ചോദിച്ച്‌ ഷറഫുദീനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വൈരാഗ്യമാണ് കൂട്ടുകാരനായ നിസാമിനെ കൂട്ടി കൊലനടത്താന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ വിളിച്ചു വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം അവശ നിലയില്‍ കിടന്ന ഹാഷിമിനെ, കട്ടിലിനു അടിയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചു കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.

spot_img

Related Articles

Latest news