ഇന്ത്യയുടെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ ഏപ്രിൽ 23ന് സ്ഥാനമൊഴിയും. ഏപ്രിൽ 24ന് എൻ വി രമണ സ്ഥാനമേൽക്കും. 2022 ഓഗസ്റ്റ് 26വരെയാണ് ജസ്റ്റിസ് രമണയുടെ കാലാവധി.നിയമസഭ കൂടുന്നത് നീട്ടിവയ്ക്കാനുളള അരുണാചൽ പ്രദേശ് ഗവർണറുടെ ഉത്തരവിനെതിരായ വിധിയും, ജമ്മു കശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിക്കുന്നതിനുളള വിധിയും ഭർത്താവ് ഓഫീസിൽ ചെയ്യുന്ന ജോലിക്ക് തുല്യമാണ് ഭാര്യ വീട്ടിൽ ചെയ്യുന്ന ജോലി എന്ന സുപ്രീംകോടതി വിധിയും പുറപ്പെടുവിച്ചത് ജസ്റ്റിസ് എൻവി രമണയാണ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.