കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ കുറേക്കൂടി ജാഗ്രത വേണം. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂട്ടായ്മകള്‍ പരമാവധി കുറക്കണം.
ഒഴിവാക്കാനാവാത്ത കൂട്ടായ്മകളില്‍ പങ്കുചേരുമ്ബോള് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് നിരക്ക് കൂടാനാണ് സാധ്യത. കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കോവിഡ് നിരക്ക് കൂടിയിരുന്നു. എന്നാല്‍ കൃത്യമായി ഇടപെടലിലൂടെ അത് പിടിച്ചുനിര്‍ത്തനായി.
ഇക്കുറിയും രോഗ വ്യാപനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാവകുപ്പുകള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ട്. ആവശ്യമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

                                    