ഏറെ നാളായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന “നിഴല്‍” ഏപ്രില്‍ 9ന് തിയേറ്ററുകളിലേക്കെത്തുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടു കൂടിയാണ് നിഴല്‍ എത്തുന്നത്. പ്രശസ്ത എഡിറ്റര്‍ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നിഴല്‍”.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ് പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
സിനിമയുടേതായി പുറത്തുവന്ന ട്രെയ്ലറും പോസ്റ്ററുകളും ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. എസ്.സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.
മാസ്റ്റര്‍ ഐസിന് ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ദീപക്.ഡി.മേനോന് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സൂരജ്.എസ്.കുറുപ്പ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സണ്‍ പൊഡുത്താസ്, പി.ആര്.ഓ- പി.ശിവപ്രസാദ്.