മലപ്പുറം: ദേശീയപാത 66 വട്ടപ്പാറ വളവിൽ വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു. വട്ടപ്പാറ വളവിൽ വാഹന അപകടങ്ങൾ മൂലം നിരവധി ജീവനുകൾ ആണ് ഇതിനകം പൊലിഞ്ഞത്. നിരവധി പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. മാറി മാറി വരുന്ന ഭരണകൂടങ്ങൾ അപകടങ്ങൾ കുറക്കാൻ നിരവധി പ്രവർത്തനങ്ങൾ ഇവിടെ കൊണ്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. മോട്ടോർ വാഹന വകുപ്പിൻറെ നേതൃത്വത്തിലും അപകടങ്ങൾ കുറക്കാൻ വേണ്ടി നിരവധി പദ്ധതികൾ നടത്തിയെങ്കിലും വട്ടപ്പാറ വളവിലെ അപകടങ്ങൾ നിയന്ത്രിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറ വളവിൽ ഉണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. മാരുതി സുസുക്കി ബലേനോനയും ടെമ്പോട്രാവലറും സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം അപകടമേഖയായ വട്ടപ്പാറ വളവിനു സമീപമുള്ള ഇറക്കത്തിൽ എസ്എൻഡിപി ഓഫീസിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് തന്നെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് പഞ്ചസാരയുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരണപ്പെട്ടിരുന്നു.
വട്ടപ്പാറ വളവിൽ അപകടം കുറക്കുന്നതിനു വേണ്ടി സർക്കാർ ആധുനിക രീതിയിലുള്ള പുതിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.അടിയന്തരമായി ഇവിടെ ഈ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ഇവിടെ അപകടനിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന ഗ്യാസ് ടാങ്കർ ലോറികൾ ഇവിടെ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ് . ഇതുമൂലം മണിക്കൂറുകളാണ് ഇവിടെ ഗതാഗതം തടസപ്പെടുന്നത്. ഫുൾ ലോഡ് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായാൽ ഫയർഫോഴ്സ് എത്തി അത് സുരക്ഷിതം ആക്കുന്നതുവരെ പ്രദേശത്തുള്ളവർക്ക് വലിയ ആശങ്കയാണുള്ളത്.