തിരുവനന്തപുരം: തലസ്ഥാനത്ത് 45നു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
വാക്‌സിനേഷന് അര്‍ഹരായവരുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിച്ചാകും വാക്‌സിനേഷന്‍ നല്‍കുക. ഓരോ പ്രദേശത്തും പൊതുജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യാംപ് സംഘടിപ്പിക്കും.
വാക്‌സിനേഷനെക്കുറിച്ച് അവബോധം നല്‍കുന്നതിനും കൂടുതല്‍ ആളുകളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുമായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക അനൗണ്‍സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമുള്ളിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തും.
വാര്‍ഡ്തല ഹെല്‍ത്ത് – സാനിറ്റേഷന്‍ സമിതികളുടെ നേതൃത്വത്തില്‍ വാക്സിനേഷന്‍, കോവിഡ് പരിശോധന, ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കും. സമ്ബൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്ന തദ്ദേശ സ്ഥാപന വാര്‍ഡുകളെയും തദ്ദേശ സ്ഥാപനങ്ങളേയും മാതൃകാ തദ്ദേശ ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.
കോവിഡ് പരിശോധന വ്യാപിപ്പിച്ചും എന്‍ഫോഴ്‌സ്‌മെന്റ് നടപടി ശക്തമാക്കിയും അര്‍ഹതപ്പെട്ടവര്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കിയും പ്രതിരോധം ശക്തമാക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലെ 45നു മുകളില്‍ പ്രായമുള്ള ജീവനക്കാരെല്ലാം വാക്‌സിന്‍ സ്വീകരിക്കുകയും ആ വിവരം സ്ഥാപനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഇതു പൊതുജനങ്ങളില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കും. എല്ലാ പ്രദേശങ്ങളിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ സുരേഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.എസ് ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.