പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് പകരം നിലവിലെ വാഹനത്തിനെ ഒരു ഇലക്ട്രിക് വാഹനമാക്കിയിരിക്കുകയാണ് ഒരു എഞ്ചിനീയര്‍. പന്‍വേലില്‍ നിന്നുള്ള സോഫ്റ്റ്വെയര് എഞ്ചിനീയറായ ഓംകാര്‍ ആണ് തന്റെ ഹോണ്ട ആക്ടീവയാണ് പെട്രോള്‍ ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനമാക്കി മാറ്റിയത്. മുപ്പത്തിയൊന്നു വയസുകാരനായ ഈ എഞ്ചിനീയര്‍ ഒരു വിനോദം എന്ന നിലയ്ക്ക് തുടങ്ങിയതാണ് ഈ പരീക്ഷണം. എന്നാല്‍, വിജയകരമാകുന്നതിന് മുൻപ് വലിയ സാമ്പത്തിക നഷ്ടം അദ്ദേഹത്തിന് ഉണ്ടായി.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടേയും(A R A I) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നൊളജിയുടെയും (I C A T) അനുമതി കാത്തിരിക്കുകയാണ് ഓംകാര്‍. ഈ രീതിയില്‍ വാഹനത്തിന് രൂപമാറ്റം വരുത്താന്‍ പുതിയ വാഹനം വാങ്ങുന്നതിനേക്കാള്‍ 40% ചെലവ് കുറവാണെന്നാണ് റിപ്പോര്‍ട്ട്. 2019 നവംബറില്‍ ഓംകാര്‍ വാങ്ങിയ ആക്ടീവ ആണ് ഇപ്പോള്‍ ഇലക്ട്രിക് വാഹനം ആയി മാറ്റിയത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ കഴിയും. ഈ മോപ്പഡില്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ നിന്നും ഇലക്ട്രിക് സംവിധാനത്തിലേക്കും തിരിച്ചും മോഡ് മാറ്റാന്‍ കഴിയും. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്. ഇതിനകം 9000 കിലോമീറ്ററുകള്‍ ഈ മോപ്പഡ് താണ്ടിക്കഴിഞ്ഞു.