ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കപ്പെട്ട ജവാനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചതായി സി.ആര്‍.പി.എഫ് വൃത്തങ്ങള്‍. സി.ആര്‍.പി.എഫ് 210ാം കോബ്ര ബറ്റാലിയനിലെ കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസാണ് മോചിതനായത്.
ഏപ്രില്‍ മൂന്നിന് ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മൻഹാസ് മാവോയിസ്റ്റുകളുടെ പിടിയിലായത്. ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. മന്‍ഹാസിനായുള്ള തിരച്ചിലിലാണ് അദ്ദേഹം മാവോയിസ്റ്റുകളുടെ പിടിയിലാണെന്ന് സി.ആര്‍.പി.എഫ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ജവാന്‍റെ മോചനത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു.
മന്‍ഹാസിന്‍റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് വികല്പിന്‍റെ പേരില്‍ മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. മാവോയിസ്റ്റുകള്‍ പുറത്തുവിട്ടതെന്ന് സംശയിക്കുന്ന ജവാന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.