കോവിഡ് മാന്ദ്യത്തില്‍നിന്ന് കരകയറുന്ന വിപണി വിഷുവിനൊപ്പം റമദാനും കൂടി എത്തുന്നതോടെ പുതു പ്രതീക്ഷയിലാണ്. പടക്കം, പച്ചക്കറി, പഴം, വസ്ത്ര വിപണികളില്‍ കാണുന്ന ഉണര്‍വ്, കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കച്ചവടക്കാര്‍ക്ക് നൽകുന്നുണ്ട്.
വിഷു അടുത്തതോടെ പടക്ക വിപണി ഫാന്‍സി, ചൈനീസ് പടക്കങ്ങളുമായി സജീവമാണ്. കോവിഡുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങള്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പടക്ക വ്യാപാരശാലകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുദിവസം ചുരുങ്ങിയത് 50,000 മുതല്‍ ഒന്നര ലക്ഷം രൂപയുടെ കച്ചവടം ഒരു സ്ഥാപനത്തില്‍ ലഭിക്കുന്നന്നുണ്ടത്രേ. തെരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ഥി സ്വീകരണങ്ങള്ക്കുള്പ്പെടെ പടക്കങ്ങളും പൂത്തിരികളും ആവശ്യം വന്നിരുന്നു.
പച്ചക്കറി വ്യാപാരത്തിലും ഉണര്‍വ് പ്രകടമാണ്. പതിവ് പോലെ തമിഴ്നാട്ടില്‍ നിന്നാണ് മിക്ക പച്ചക്കറികളുമെത്തുന്നത്. കണി വെള്ളരി തമിഴ്നാട്ടില്‍നിന്നും നാട്ടിന്‍പുറങ്ങളില്‍നിന്നും എത്തുന്നുണ്ട്. പുറത്തുനിന്ന് എത്തുന്നവക്ക് കിലോക്ക് 20 രൂപ മുതലാണ് വില. നാട്ടിലേതിന് 25 രൂപയും.
പൊതുവില്‍ പച്ചക്കറിക്ക് വില കുറവാണെന്നാണ് വ്യാപാരികളുടെ പക്ഷം. തക്കാളിക്ക് ഗുണനിലവാരമനുസരിച്ച് 11 മുതല്‍ 30 വരെയും വലിയ ഉള്ളിക്ക് 20, മത്തന്‍ 10, എളവന് എട്ടുമുതല്‍ 12 വരെ, കാബേജ് 15, പയര്‍ 35, ഉരുളക്കിഴങ്ങ് 22 എന്നിങ്ങനെയാണ് മൊത്തവിപണിയില്‍ കിലോക്ക് വില.
വിഷുവിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പഴവിപണിയും പ്രതീക്ഷയിലാണ്. ഒരുമാസത്തിനിടെ മിക്ക പഴങ്ങള്‍ക്കും 20 മുതല്‍ 100 രൂപവരെ ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു. നോമ്ബുകാലം തുടങ്ങുന്നതോടെ വില ഇനിയും ഉയര്ന്നേക്കുമെന്നുറപ്പ്.
ഈസ്റ്ററിന് ഉയര്‍ന്ന കോഴി വില റമദാന് പ്രതീക്ഷിച്ച് മുന്നോട്ട് തന്നെയാണ്. 145 മുതല്‍ 175 വരെയാണ് നിലവില്‍ വില. ബോണ്‍ലെസ് ആവുമ്പോള്‍ ഇത് 205 ആവും. നോമ്പിനോടനുബന്ധിച്ച് മട്ടനടക്കം മറ്റ് ഇറച്ചികള്‍ക്കും വിലയുയര്‍ന്നിട്ടുണ്ട്.
കോവിഡ് അപഹരിച്ച ഉത്സവ സീസണ് തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് വിപുലമായ ഒരുക്കങ്ങളാണ് ജ്വല്ലറികളിലും വസ്ത്ര വിപണിയിലും നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ ഷോപ്പിങ് സാധ്യമാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കാനാണ് വ്യാപാര സ്ഥാപനങ്ങളുടെ ശ്രമം. സ്വര്‍ണാഭരണ വിപണിയിലും കാര്യമായ ഉണര്‍വുണ്ട്. മിക്ക തുണിക്കടകളും ജ്വല്ലറികളും വിഷുവും പെരുന്നാളുമൊക്കെ മുന്നില്‍ക്കണ്ട് ഓഫറുകളുമായാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്.