ഊരാളുങ്കലിന്‌ ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാം; സ്വകാര്യ കോണ്‍ട്രാക്‌ടര്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അക്രഡിറ്റഡ് ഏജന്‍സികള്‍ക്കു ടെന്‍ഡറില്ലാതെ കരാര്‍ നല്‍കുന്നതിന്റെ നിയമ സാധുതയെയും ഊരാളുങ്കല്‍, തൃശൂര്‍ എന്നീ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റികളെ അക്രഡിറ്റഡ് ഏജന്‍സികളില്‍ ഉള്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്ത് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷനും ഏതാനും സ്വകാര്യ എ ക്ലാസ് കോണ്‍ട്രാക്റ്റര്‍മാരും നല്‍കിയിരുന്ന റിട്ട് ഹര്‍ജി കേരള ഹൈക്കോടതി തള്ളി.

അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിച്ചു പ്രവൃത്തികള്‍ ടെന്‍ഡര്‍ കൂടാതെ നടത്തുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് ഇതേ വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തേ വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇത് ഉദ്ധരിച്ചാണ് ജ: എന്‍ നാഗരേഷിന്റെ ബെഞ്ച് ഹര്‍ജി തള്ളിക്കൊണ്ടു തീര്‍പ്പാക്കിയത്.

ഊരാളുങ്കല്‍ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സികളില്‍ ഉള്‍പ്പെടുത്തിയതിനെയും കോടതി ശരിവച്ചു. ഇതുസംബന്ധിച്ച 2017-ലെ സര്‍ക്കാരുത്തരവിന് എതിരെ ആയിരുന്നു ഹര്‍ജി. യു.എല്‍.സി.സി.എസിനുവേണ്ടി അഭിഭാഷകരായ എം. ശശീന്ദ്രനും എസ്. ശ്യാം കുമാറും ഹാജരായി.ടെന്‍ഡറില്ലാതെ സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ലഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അര്‍ഹതയുണ്ടെന്ന് ഇതിലൂടെ ഹൈക്കോടതി ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

ടെന്‍ഡര്‍നടപടികളുടെ കാലതാമസം ഒഴിവാക്കി നിര്‍മ്മാണങ്ങള്‍ വേഗം പൂര്‍ത്തിയാക്കാനും മികവു ബോദ്ധ്യമുള്ള സ്ഥാപനങ്ങളെക്കൊണ്ടു പ്രവൃത്തി നിര്‍വ്വഹിപ്പിക്കുന്നതിലൂടെ ഗുണമേന്മ ഉറപ്പാക്കാനും കഴിയും എന്നതിനാലാണ് അക്രഡിറ്റേഷന്‍ സമ്ബ്രദായം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. സഹകരണമേഖലയെ പിന്‍തുണയ്ക്കുക എന്നത് ഉത്തരവാദിത്വം ആയതിനാലാണ് സഹകരണസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ പരിഗണനയും മുന്‍ഗണനകളും നല്കുന്നത്.

തൊഴിലാളികള്‍തന്നെ ഉടമകളായ ഊരാളുങ്കല്‍ സൊസൈറ്റി സാങ്കേതികവിദഗ്ദ്ധരടക്കം 13,000-ത്തില്‍പ്പരം തൊഴിലാളികള്‍ക്കും ആയിരത്തോളം എന്‍ജിനീയര്‍മാര്‍ക്കും തൊഴില്‍ നല്കുന്ന സ്ഥാപനമാണ്. മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്കാന്‍ കഴിയാത്ത സാഹചര്യം വരുമ്പോഴേ സൊസൈറ്റി സര്‍ക്കാരിനോട് കരാറുകള്‍ക്കായി പ്രത്യേക അഭ്യര്‍ത്ഥന നടത്താറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ടെന്‍ഡറിലൂടെത്തന്നെയാണു പ്രവൃത്തികള്‍ എടുക്കുന്നത്.

തൊഴില്‍ നല്‍കല്‍ ഉത്തരവാദിത്വം ആയതിനാല്‍ സൊസൈറ്റി ഉപകരാറുകള്‍ നല്കാത്തതും സ്വന്തമായി വേണ്ടത്ര തൊഴിലാളികളും യന്ത്രോപകരണങ്ങളും അസംസ്കൃത വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകളും കേന്ദ്രീകൃത വാങ്ങലും സ്റ്റോക്കും എല്ലാം ഉള്ളതും കാരണം പ്രവൃത്തികള്‍ വേഗവും ചെലവു കുറച്ചും ഗുണമേന്മയോടെയും നടത്താന്‍ കഴിയുന്നു എന്നതാണ് സൊസൈറ്റിയുടെ സ്വീകാര്യതയ്ക്കു കാരണം.

spot_img

Related Articles

Latest news