പുണ്യമാസമായ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികളും വിപണിയും ഒരുങ്ങി. ചന്ദ്രക്കല ദർശനത്തെ അടിസ്ഥാനമാക്കി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആവും സംസ്ഥാനത്ത് വ്രതാരംഭം. ഇന്ന് സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് വിവിധ ഇമാംമാരും സംഘടനകളും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്
ആരാധനാലയങ്ങളിലും വീടുകളിലും പെയിന്റിങ് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളും നിര്ദേശങ്ങളുമുണ്ടെങ്കിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രഭാഷണം, ബദര്‍ സ്മൃതി, ഹദീസ് പഠനം, ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.
പഴം പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തിരക്കേറിയിട്ടുണ്ട് . വ്യത്യസ്ത തരത്തിലുള്ള ഈത്തപ്പഴങ്ങള്‍ ഉള്‍പ്പെടെ പലതരം പഴങ്ങൾ വിപണിയില്‍ എത്തിയിട്ടുണ്ട്. കോവിഡ് മൂലം മന്ദഗതിയിലായ വിപണിക്ക് റമദാന് കാലം ഉണര്‍വേകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കഴിഞ്ഞ തവണ കോവിഡ് രൂക്ഷമായതിനാല്‍ വിപണിയില്‍ വന്നിയന്ത്രണങ്ങളായിരുന്നു. പകല്‍ നിശ്ചിത സമയമാണ് തുറക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇക്കുറി ഇതിനെല്ലാം ഇളവുകള്‍ ഉള്ളതിനാല്‍ വ്യാപാരം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് കച്ചവടക്കാര്‍. ഈത്തപ്പഴത്തിനൊപ്പം പഴവിപണിയും സജീവമായിട്ടുണ്ട്.
തണ്ണിമത്തന് വ്യാപകമായി വിവിധയിടങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്. വേനല്‍ കൂടിയായതിനാല്‍ തണ്ണിമത്തന് കച്ചവടം വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. നാരങ്ങ, മുന്തിരി, ആപ്പിള്‍, മാതളം തുടങ്ങിയ ഫലങ്ങള്‍ വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.