രാജ്യത്ത്‌ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം

ന്യൂഡല്‍ഹി: രാജ്യത്ത്‌ കടുത്ത കൊവിഡ്‌ വാക്‌സിന്‍ ക്ഷാമം. രാജ്യത്ത് ലഭ്യമായ കൊവിഷീല്‍ഡ്‌, കൊവാക്‌സിന്‍ വാക്സിനുകളുടെ പ്രതിദിന ഉല്‍പ്പാദനം 23 ലക്ഷം ഡോസ് മാത്രമാണ്. എന്നാല്‍, പ്രതിദിനം ശരാശരി 35 ലക്ഷം ഡോസ്‌ കുത്തി വയ്ക്കുന്നുണ്ട്. ലഭ്യതയില്‍ 12 ലക്ഷം ഡോസിന്റെ കുറവുള്ളതായാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 11 മുതല്‍ 14 വരെ രാജ്യത്ത്‌ വാക്‌സിന്‍ ആഘോഷമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കടുത്ത വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്‌ചാത്തലത്തില്‍ പരിഹാസ്യമായി മാറുകയാണ്. പല സംസ്ഥാനങ്ങളിലും ചുരുക്കം ദിവസങ്ങളിലേക്കുള്ള വാക്‌സിന്‍ മാത്രം ശേഷിക്കെയാണ്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നാലുദിവസത്തെ വാക്‌സിന്‍ ആഘോഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌.

രാജ്യത്തെ വാക്‌സിന്‍ സ്ഥിതി എന്തെന്ന്‌ പോലും മനസ്സിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വെട്ടിലാക്കി. സംസ്ഥാനങ്ങള്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടുമ്പോള്‍ കൈ മലര്‍ത്തുകയാണ്‌ ആരോഗ്യമന്ത്രാലയം. എങ്കിലും സ്ഥിതി ഭദ്രമാണെന്ന അവകാശ വാദമാണ്‌ ആരോഗ്യമന്ത്രി ഹര്‍ഷ്‌ വര്‍ധന്റേത്‌.

നാലര കോടി വാക്‌സിന്‍ ശേഖരമായുണ്ടെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍, കേന്ദ്രത്തിന്റെ തന്നെ കണക്കില്‍ വിതരണഘട്ടത്തിലുള്ള 2.23 കോടി ഡോസ്‌ മാത്രമാണ്‌.

മോദി ആഹ്വാനം ചെയ്‌ത ‘വാക്‌സിന്‍ കുത്തിവയ്പ് മേള’യ്ക്ക്‌ തുടക്കമായെങ്കിലും പത്ത് സംസ്ഥാനങ്ങളിൽ കടുത്ത വാക്‌സിന്‍ ക്ഷാമം തുടരുന്നുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും അസമും വാക്‌സിന്‍ ക്ഷാമമുള്ളതായി കേന്ദ്രത്തെ അറിയിച്ചു. യുപിയില്‍ ക്ഷാമമുണ്ടെങ്കിലും പരാതിപ്പെട്ടിട്ടില്ല. മഹാരാഷ്ട്ര, ഛത്തിസ്‌ഗഢ്‌, പഞ്ചാബ്‌, രാജസ്ഥാന്‍, ഒഡിഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളും വാക്സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഒഡിഷ, യുപി സംസ്ഥാനങ്ങള്‍ക്ക്‌ പുറമെ ഉത്തരാഖണ്ഡിലും കുത്തിവയ്‌പ്‌ കേന്ദ്രങ്ങള്‍ അടച്ചു. ഒഡീഷയില്‍ 900 കേന്ദ്രങ്ങള്‍ അടച്ചു.

അതിനിടെ പരീക്ഷണം പൂര്‍ത്തിയാകാതെ തന്നെ നിരവധി വാക്സിനുകള്‍ക്ക് ധൃതി പിടിച്ച്‌ അനുമതി കൊടുക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്‌ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്‌പുട്‌നിക്ക്, ‌ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍, നൊവാക്‌സ്‌ , സൈഡസ്‌ കാഡില വാക്‌സിനുകളും മൂക്കിലൂടെ നല്‍കാന്‍ ഭാരത്‌ ബയോടെക്‌ വികസിപ്പിക്കുന്ന വാക്‌സിനും ലഭ്യമാക്കാനാണ്‌ ശ്രമം. സ്‌പുട്‌നിക്കിന് 10 ദിവസത്തിനകം കേന്ദ്രം ഉപയോഗാനുമതി നല്‍കുമെന്നാണ്‌ സൂചന.

കൊവിഡ് വ്യാപനമേറുന്ന ഘട്ടത്തില്‍ വൈറസ് രോ​ഗങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായ റംഡിസിവിര്‍ ‌കയറ്റുമതി കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റംഡിസിവിര്‍ ഇഞ്ചക്ഷനും മരുന്നിന്റെ ഘടക പദാര്‍ഥങ്ങളും കയറ്റുമതി ചെയ്യുന്നത് തടഞ്ഞു. ഇന്ത്യയില്‍ ഏഴു കമ്പനികൾ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. മാസം 38.8 ലക്ഷം യൂനിറ്റാണ്‌ രാജ്യത്തെ മൊത്തം ഉല്‍പാദനം.

spot_img

Related Articles

Latest news