ജൂണ്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ച ഒളിംപിക്‌സ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി 70 ശതമാനം ജപ്പാന്‍കാരും. ജപ്പാന്‍ തലസ്ഥാനമായ ടോക്യോ ആണ് ഒളിംപിക്‌സിന് വേദിയാകുന്നത്. കേവലം 100 ദിവസങ്ങളാണ് ഇനി ഒളിംപിക്‌സിനുള്ളത്.
ഒളിംപിക്‌സ് ഒഴിവാക്കണമെന്ന് 39.2 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നീട്ടിവെക്കണമെന്ന അഭിപ്രായമായിരുന്നു 32.8 ശതമാനം ജപ്പാന്‍കാര്‍ക്കും. 24.5 ശതമാനം പേര്‍ മാത്രമാണ് ഒളിംപിക്‌സ് നിശ്ചയിച്ച തീയതികളില്‍ നടത്തണമെന്ന് അഭിപ്രായപ്പെട്ടത്. 2020 ൽ നടത്താനിരുന്ന ഒളിമ്പിക്സ് മത്സരങ്ങളാണ് 2021 ജൂണിലേക്ക് കോവിഡ് വ്യാപനം മൂലം മാറ്റിവെച്ചിട്ടുള്ളത്.
നാലാം കൊവിഡ് തരംഗം തടയാന്‍ ഒരു മാസം നീളുന്ന കര്‍ശന നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ ടോക്യോയില്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം വീണ്ടുമുണ്ടാകുമെന്ന ഉത്കണ്ഠ 92.6 ശതമാനം പേര്‍ പങ്കുവെച്ചു. ക്യോഡോ ന്യൂസ് ആണ് സര്‍വേ നടത്തിയത്.
65 വയസ്സ് മുതലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വിതരണത്തിന് ദൗര്‍ലഭ്യം നേരിടുന്നുണ്ട്.