ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടും ലോജിസ്റ്റിക്സ് രംഗത്തെ അതികായരായ അദാനി ഗ്രൂപ്പും കൈകോര്‍ക്കുന്നു. തങ്ങളുടെ ലോജിസ്റ്റിക്സ് ഡാറ്റാ സെന്റര്‍ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഫ്ളിപ്പ്കാര്‍ട്ട് അദാനി ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെടുന്നത്.
കരാര്‍ 2,500ഓളം പുതിയ തൊഴിലവസങ്ങള്‍ സൃഷ്ടിക്കുമെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കമ്പനികള്‍ തമ്മിലുളള പങ്കാളിത്തത്തിന്റെ സാമ്പത്തിക വശങ്ങള്‍ പുറത്തു വന്നിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ എന്‍ഡ്ടു എന്‍ഡ് ലോജിസ്റ്റിക് സേവന ദാതാക്കളും അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയുമായ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് ഫ്ളിപ്പ്‌കാര്‍ട്ട് പ്രവര്‍ത്തിക്കും. ഇതിലൂടെ അതിവേഗം വളരുന്ന ഉപഭോക്തൃ അടിത്തറയെ കൂടുതല്‍ മികവോടെ പരിപാലിക്കാന്‍ കഴിയുമെന്നാണ് ഫ്ളിപ്പ്‌കാര്‍ട്ട് കണക്കു കൂട്ടുന്നത്.
ഇരു കമ്പനികളും ചേര്‍ന്ന് കൂടുതല്‍ വെയര്‍ഹൗസുകളും അടിസ്ഥാന സൗകര്യ വികസനവും നടത്തും. ഇതുവഴി നിരവധി തൊഴിലവരങ്ങള്‍ ഉണ്ടാകുമെന്ന് ഇരു കമ്പനികളും അവകാശപ്പെട്ടു.
ഇതുകൂടാതെ ഫ്ളിപ്പ്കാര്‍ട്ട് തങ്ങളുടെ മൂന്നാമത്തെ ഡേറ്റാ സെന്റര്‍ ചെന്നെയിലെ അദാനി കോണെക്സ് പ്രൈവറ്റ് ലിമിറ്റഡ് ആസ്ഥാനത്ത് സ്ഥാപിക്കും. അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് മുംബൈയില്‍ സജ്ജമാക്കുന്ന ലോജിസ്റ്റിക്സ് ഹബ്ബില്‍, 5,34,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫുള്‍ഫില്‍മെന്റ് സെന്റര്‍ നിര്‍മിച്ച് ഫ്ളിപ്കാര്‍ട്ടിന് പാട്ടത്തിന് നല്‍കും.
പശ്ചിമ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇകൊമേഴ്സ് ആവശ്യകതയെ അഭിമുഖീകരിക്കുന്നതിനും മേഖലയിലെ ആയിരക്കണക്കിന് വില്‍പ്പനക്കാരുടെയും എം എസ് എം ഇ കളുടെയും ഇ-കൊമേഴ്സ് വിപണി പ്രവേശനത്തിനും ഇത് സാഹായകരമാകും.