ഫ്രീസറുകള്‍ നിറഞ്ഞതിനാല്‍ ആശുപത്രി വരാന്തയിലും നിലത്തും നിരവധി മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ചത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കുന്നു കൂടുന്നു. സംസ്ഥാനത്തെ വലിയ ആശുപത്രി കൂടിയായ റായ്പുരിലെ ഭീം റാവു അംബേദ്കര്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. ഫ്രീസറുകള്‍ നിറഞ്ഞതിനാല്‍ ആശുപത്രി വരാന്തയിലും നിലത്തും നിരവധി മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു.
നിലവിലുള്ള മൃതദേഹങ്ങള്‍ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പുതിയ മരണങ്ങള്‍ സംഭവിക്കുന്നതിനാല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സ്ഥലമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കോവിഡ് കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ അര്‍ഹിച്ച ആദരവോടെ സംസ്കരിക്കണമെന്ന് സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകള്‍ നിലവിലുണ്ട്. എന്നാല്‍, കോവിഡ് കേസുകളും മരണങ്ങളും ഒരോദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
‘ഒറ്റയടിക്ക് ഇത്രയും മരണങ്ങള്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ലല്ലോ?. സാധാരണ ഗതിയിലുണ്ടാകുന്ന മരണങ്ങളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ട ഫ്രീസറുകള്‍ ഇവിടെയുണ്ട്. എന്നാല്‍, ഒന്നും രണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോള്‍ 10–20 മരണങ്ങള്‍ വരെ സംഭവിക്കുന്നു. 10–20 മൃതദേഹങ്ങള്‍ക്കുള്ള സ്ഥലം കഷ്ടിച്ച് ഉണ്ടാക്കിയാല്‍ അടുത്ത ദിവസം 50–60 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്കെല്ലാം വേണ്ട സംവിധാനം ഇവിടെയില്ലെന്നത് വസ്തുതയാണ്’–- റായ്പുര്‍ ചീഫ്മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ മീരാ ഭാഗേല്‍ പ്രതികരിച്ചു.
കോവിഡ് ഒന്നാം തരംഗം വിജയകരമായി മറി കടന്നെന്ന ആശ്വാസത്തില്‍ കഴിയുമ്പോഴാണ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നത്. രോഗികളുടെ നില ചുരുങ്ങിയ സമയത്തില്‍ വഷളാകുന്നു. ഹൃദയാഘാതവും മറ്റുമുണ്ടായി അവര്‍ മരണത്തിന് കീഴടങ്ങുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
റായ്പുര്‍ നഗരത്തില്‍ മാത്രം പ്രതിദിനം 55 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഭൂരിപക്ഷവും കോവിഡ് രോഗികളുടേതാണ്. കോവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച 10 സംസ്ഥാനങ്ങളില്‍ ഒന്നായ ചത്തീസ്ഗഢില്‍ ഇതുവരെ 4,43,297 കേസുകളുകളും 4,899 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിക്ക ആശുപത്രികളിലെയും തീവ്ര പരിചരണ വിഭാഗങ്ങളില്‍ നിറയെ രോഗികളാണ്. വരും ദിവസങ്ങളില്‍ 100 ശതമാനം ആശുപത്രി കിടക്കകളും നിറയുമെന്ന ആശങ്കയും ആരോഗ്യ വിഭാഗത്തിനുണ്ട്.